ഇടതു സർക്കാരിന്റെ ജനവിരുദ്ധ മദ്യനയം യുഡിഎഫ് സർക്കാർ പൂർണമായും തിരുത്തണം: കെസിബിസി മദ്യവിരുദ്ധസമിതി
കൊച്ചി: ഇടതു സർക്കാരിന്റെ ജനവിരുദ്ധ മദ്യനയം യുഡിഎഫ് സർക്കാർ പൂർണമായും തിരുത്തിയെഴുതണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നടപടികൾ കേരളത്തിൽ ഭരണത്തിലേറുന്ന പുതിയ സർക്കാർ മാതൃകയാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ്‌സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റർ പ രിധിയിലുള്ള മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജനനന്മ ലക്ഷ്യമിട്ടുള്ളതാണെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ചൂണ്ടിക്കാട്ടി.
2016ൽ ഉമ്മൻ ചാണ്ടി സർക്കാർ സമ്പൂർണ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബെവ്കോ-കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകൾ ഓരോ വർഷവും പത്തു ശതമാനം വീതം അടച്ചുപൂട്ടാൻ ആരംഭിച്ചിരുന്നു. പിന്നീട് 29 ബാറുകൾ ഒഴികെ മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ പാത പുതിയ സർക്കാർ പിന്തുടരണം. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തണം.
മയക്കുമരുന്നുകളുടെ ഉറവിടത്തെ പുതിയ സർക്കാർ ഇല്ലാതാക്കണം. ഇക്കാര്യത്തിൽ കർണാടക, തമിഴ്‌നാട്, കേരള സർക്കാരുകൾ യോജിച്ചു പ്രവർത്തിക്കണമെന്നും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 16ന് ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ ഓൺലൈനായി നടക്കും.