ബംഗളുരുവില്‍ യാത്ര റദ്ദാക്കിയതിനെത്തുടര്‍ന്ന് യുവതിക്ക് ഊബര്‍ ഓട്ടോ ഡ്രൈവറുടെ ആക്രമണം

 
BENGULURU


ബംഗളുരു:ബംഗളുരുവില്‍ യാത്ര റദ്ദാക്കിയതിനെത്തുടര്‍ന്ന് യുവതിക്ക് ഊബര്‍ ഓട്ടോ ഡ്രൈവറുടെ ആക്രമണം. 

ഓട്ടോ ഡ്രൈവര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 2 ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്.


ഊബര്‍ ബുക്ക് ചെയ്തതിന് ശേഷം ഡ്രൈവര്‍ എത്താതെ അഞ്ച് മുതല്‍ ഏഴ് മിനിറ്റിലധികം കാത്തിരിക്കേണ്ടി വന്നുവെന്നും എന്നിട്ടും വണ്ടി എത്തി കാണാത്തതിന് ശേഷമാണ് താന്‍ യാത്ര റദ്ദാക്കിയതെന്നും അവര്‍ വിശദീകരിച്ചു. 

'എന്നാല്‍ ഊബര്‍ സ്റ്റാറ്റസില്‍ 'എത്തി' എന്ന് കാണിച്ചിരുന്നു, പക്ഷേ ഏറെ കാത്തിരുന്നിട്ടും അദ്ദേഹം വന്നില്ല. 

ഇങ്ങനെ രണ്ടാമത് ബുക്ക് ചെയ്ത വാഹനത്തില്‍ കുറച്ച് മീറ്റര്‍ മുന്നോട്ട് നീങ്ങിയ ഉടന്‍ തന്നെ, ഈ ഡ്രൈവര്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട് ഞങ്ങളുടെ വഴി തടയുകയായിരുന്നു, പിന്നീട് തന്റെ വീഡിയോ പകര്‍ത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്നും' യുവതി പറയുന്നു.


''ഡ്രൈവര്‍ മാന്യമായും എനിക്ക് മനസ്സിലാകുന്ന ഭാഷയിലും സംസാരിച്ചിരുന്നെങ്കില്‍, ഞാന്‍ യാത്ര ചെയ്തില്ലെങ്കിലും അദ്ദേഹത്തിന് യാത്രയുടെ പണം നല്‍കുമായിരുന്നു.

 പക്ഷേ അയാള്‍ എന്നെ ഉപദ്രവിക്കാനും അധിക്ഷേപിക്കാനും തീരുമാനിച്ചു. അയാള്‍ ഈ നാട്ടുകാരനാണ് എന്നതുകൊണ്ട് നമ്മളെ നിന്ദിക്കാനോ വിവേചനം കാണിക്കാനോ ഭീഷണിപ്പെടുത്താനോ അവകാശം ഉണ്ടോ? ' സാമൂഹ്യമാധ്യമത്തില്‍ അവള്‍ എഴുതി.


പോസ്റ്റിന് പിന്നാലെ, കുറ്റാരോപിതനായ ഡ്രൈവര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ ബെംഗളൂരു പോലീസിനെ പോസ്റ്റിനടിയില്‍ ടാഗ് ചെയ്തു. 

എന്നാല്‍ ഇയ്യാള്‍ക്കെതിരെ ഇതുവരെയായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ ഡ്രൈവറെ കണ്ടെത്തിയോ എന്ന വിവരങ്ങളൊന്നും വ്യക്തമല്ല.

Tags

Share this story

From Around the Web