കൊച്ചി കടവുംഭാഗം സിനഗോഗിന് സമീപത്തെ തീവെപ്പ് കേസിൽ പ്രതിക്കെതിരെ യു.എ.പി.എ ചുമത്തി; 'ബോസ്', 'വിക്രം' എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് എൻ.ഐ.എയും പൊലീസും

 
EBIN PAUL

കൊച്ചി: എറണാകുളം കടവുംഭാഗം സിനഗോഗിന് സമീപമുണ്ടായ തീവെപ്പ് കേസില്‍ പ്രതിയായ എബിന്‍ പോളിനെതിരെ യു.എ.പി.എ (അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) ചുമത്തി. 

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദ ഗൂഢാലോചനയ്ക്കുമുള്ള 16, 18 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഈ നടപടി. കേസിന്റെ അന്വേഷണം ഉടന്‍ തന്നെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തേക്കും.

മുവാറ്റുപുഴയില്‍ മുന്‍പുണ്ടായ സമാനമായ തീവെപ്പ് സംഭവങ്ങളിലും എബിന്‍ പോളിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ ആളില്ലാത്ത വീടിന് തീയിടാനും ഉപയോഗിച്ച കാറുകള്‍ വില്‍ക്കുന്ന ഷോറൂമിന് തീയിടാനും പ്രതി ശ്രമിച്ചിരുന്നു. പ്രതിയുടെ പശ്ചാത്തലം പഠിക്കുന്നതിനായി അന്വേഷണസംഘം ഇയാള്‍ പഠിച്ച പൂനെയിലെ സ്ഥാപനത്തിലും പരിശോധന നടത്തി. 

സോഷ്യല്‍ മീഡിയ വഴിയും ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയും ഇയാള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. 'ബോസ്' എന്നറിയപ്പെടുന്ന ഒരാളുടെ നിര്‍ദ്ദേശപ്രകാരമാണ് എബിന്‍ പ്രവര്‍ത്തിച്ചതെന്നാണ് സംശയിക്കുന്നത്.

ചോദ്യം ചെയ്യലില്‍ 'വിക്രം' എന്ന മറ്റൊരു വ്യക്തിയുടെ പേരും പ്രതി പരാമര്‍ശിച്ചിട്ടുണ്ട്. വിക്രമും ബോസും ഒരാള്‍ തന്നെയാണോ എന്നും ഇയാള്‍ വിദേശത്താണോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.

ഒക്ടോബര്‍ 12-ന് പുലര്‍ച്ചെ സിനഗോഗിന് മുന്നിലുള്ള ബ്ലോസം നഴ്‌സറിയിലാണ് തീപിടുത്തമുണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങളും വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനുമൊടുവില്‍ പുത്തന്‍കുരിശ് സ്വദേശിയായ എബിന്‍ പോളിനെ (32) പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

കൃത്യം നടത്തുന്ന സമയം ഇയാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഗാങ്സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയിയെക്കുറിച്ചും ഇയാളുടെ ഗാങ്ങിനെക്കുറിച്ചും പ്രതി ടെലിഗ്രാമില്‍ തിരച്ചില്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. എന്‍.ഐ.എ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

Tags

Share this story

From Around the Web