കോപ്റ്റിക് ക്രൈസ്തവരുടെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് യുഎഇ മന്ത്രി
അബുദാബി: അബുദാബിയിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇന്നലെ നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നു യുഎഇ സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍.
ഈജിപ്ഷ്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷ ചടങ്ങുകളില്‍ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായി പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ നേരിട്ടെത്തുകയായിരിന്നു.
രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുത, സഹവര്‍ത്തിത്വം, മതപരവും സാംസ്‌കാരികവുമായ വൈവിധ്യത്തിന് നല്‍കുന്ന ആദരവിന് അബുദാബിയിലെ സെന്റ് ആന്റണീസ് കത്തീഡ്രല്‍ വികാരി ഫാ. ബിഷോയ് ഫക്രി അഭിനന്ദനവും കൃതജ്ഞതയും പ്രകടിപ്പിച്ചു.
നഹ്യാന്‍ ബിന്‍ മുബാറക്കിനെ ഊഷ്മളമായി സ്വാഗതം ചെയ്ത ഫാ. ബിഷോയ്, ക്രിസ്മസ് ആഘോഷങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനും പങ്കാളിത്തത്തിനും സ്‌നേഹവും നന്ദിയും അറിയിച്ചു.
യുഎഇയുടെ ആഴമായ മാനുഷിക സമീപനത്തെയും വ്യത്യസ്ത മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഇടയില്‍ സഹിഷ്ണുത, മനുഷ്യ സാഹോദര്യം, സഹവര്‍ത്തിത്വം എന്നിവയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അതിന്റെ ഉറച്ച പ്രതിബദ്ധതയെയും മന്ത്രിയുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നുവെന്നും, രാജ്യത്ത് സഭയ്ക്കും ഈജിപ്ഷ്യന്‍ സമൂഹത്തിനും ഇത് അഭിമാനത്തിന്റെ ഉറവിടമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തുമസ് പ്രാര്‍ത്ഥനകള്‍ വിശ്വാസത്തെ പ്രതിഫലിപ്പിക്കുകയാണെന്നും നന്മ, കാരുണ്യം, സഹിഷ്ണുത, സഹവര്‍ത്തിത്വം, ആഗോള അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്ന സാര്‍വത്രിക മാനുഷിക മൂല്യങ്ങളെ സ്ഥിരീകരിക്കുകയാണെന്നും ദേവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രി നഹ്യാന്‍ ബിന്‍ മുബാറക് ഊന്നിപ്പറഞ്ഞു.
ശക്തവും ഒത്തൊരുമയുള്ളതുമായ ഒരു സമൂഹത്തിന് പ്രാര്‍ത്ഥന, ദൈവത്തോടുള്ള നന്ദി, വിശ്വാസം എന്നിവ അനിവാര്യമായ അടിത്തറകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ ജുഡീഷ്യല്‍, മതകാര്യ ഉപദേഷ്ടാവ് കൗണ്‍സിലര്‍ അലി ബിന്‍ അല്‍ സയ്യിദ് അബ്ദുള്‍റഹ്മാന്‍ അല്‍ ഹാഷെമി, യുഎഇയിലെ ഈജിപ്ത് അംബാസഡര്‍ എസ്സാം അഷൂര്‍, ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌റ്‌സ് പ്രതിനിധികള്‍, കോപ്റ്റിക് ഓര്‍ത്തഡോക്സ് വൈദികര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ തലവന്മാര്‍, ബിസിനസുകാര്‍, ഈജിപ്ഷ്യന്‍ എംബസി അംഗങ്ങള്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.
സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്.