മലയാളികളുടെ നോവായി അർജുൻ, ഷിരൂർ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ 11 പേരുടെ ജീവൻ കവർന്ന ആ ദുരന്തം, കേരളം ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
നീണ്ട 72 ദിവസത്തെ പോരാട്ടം
അർജുൻ ഓടിച്ചിരുന്ന ലോറി മണ്ണിടിച്ചിലിൽ കാണാതായതോടെയാണ് സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചത്. കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി നീണ്ടുനിന്ന 72 ദിവസത്തെ ദൗത്യത്തിനൊടുവിലാണ് ഗംഗാവലിപ്പുഴയുടെ അടിത്തട്ടിൽ നിന്നും ലോറിയും അർജുന്റെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തത്.
ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായ ഓരോ ഘട്ടത്തിലും കേരളം ഇടപെട്ടു. അതിശക്തമായ മഴയും പുഴയിലെ ജലനിരപ്പും മൂലം നാവികസേനയ്ക്ക് പോലും തുടക്കത്തിൽ തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ ഈശ്വർ മാൽപെ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രപാൽ തുടങ്ങിയവരുടെ സാങ്കേതിക ഇടപെടലുകളും നേതൃത്വവും നിർണായകമായി. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് കർണാടക സർക്കാരുമായി ചർച്ച നടത്തിയതാണ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് വഴിയൊരുക്കിയത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം അർജുന്റേതാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഷിരൂർ മുതൽ കോഴിക്കോട്ടെ വീട് വരെ ജനങ്ങൾ വികാരനിർഭരമായ യാത്രയയപ്പാണ് അർജുന് നൽകിയത്.
അർജുൻ എന്ന യുവാവിനെ കണ്ടെത്താൻ ഒരു നാടാകെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും ഒപ്പമുണ്ടായിരുന്നു എന്നത് ഈ ദുരന്തത്തിന്റെ വലിയൊരു ഏടാണ്. വർഷം രണ്ട് പിന്നിടുമ്പോഴും അർജുൻ പ്രിയപ്പെട്ടവർക്കും കേരളീയർക്കും ഇന്നും തീരാത്ത നോവാണ്. അടുത്തിടെ അർജുന്റെ അമ്മ ഷീല എഴുതിയ 'അർജുൻ എന്റെ മകൻ' എന്ന പുസ്തകം പുറത്തിറങ്ങിയത് മകനോടുള്ള സ്‌നേഹത്തിന്റെ അടയാളമായി മാറിയിരുന്നു.