മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് രണ്ട് വയസ്, മായാത്ത ഓർമകളിൽ കണ്ണീരോടെ കേരളം

 
WAYANAD

കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വയസ് തികയുന്നു. 2024 ജൂലൈ 30-ന് പുലർച്ചെ വെള്ളരിമലയുടെ ഒരു ഭാഗം ഒലിച്ചിറങ്ങി നൂറുകണക്കിന് മനുഷ്യരുടെ ജീവനും സ്വപ്നങ്ങളുമാണ് എടുത്തത്. ദുരന്തം കവർന്ന മുണ്ടക്കൈയിലെ വഴിയോരങ്ങളിൽ വീണ്ടും പച്ചപ്പ് വിരിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും, ആ ഇരുണ്ട രാത്രിയുടെ ഭീകരതയും വേദനയും ഇന്നും അതിജീവിതരുടെയും രക്ഷാപ്രവർത്തകരുടെയും മനസ്സിൽ മായാതെ കിടക്കുന്നു.

44 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നതും നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടുവെന്നതും ദുരന്തത്തിന്റെ വ്യാപ്തി ഓർമ്മിപ്പിക്കുന്നു. മൊബൈൽ ഫോണുകളോ വെളിച്ചമോ ഇല്ലാത്ത ആ ഇരുട്ടിൽ, നിലവിളികളും ചെളിയും മാത്രം നിറഞ്ഞ ദുരന്തമുഖത്തേക്ക് ജീവൻ പണയം വെച്ചാണ് രക്ഷാപ്രവർത്തകർ ഓടിയെത്തിയത്. 

എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും വിശപ്പും ഉറക്കവും മറന്ന് ദിവസങ്ങളോളം നടത്തിയ പോരാട്ടം മനുഷ്യനന്മയുടെ ലോകമാതൃകയായി മാറി. വെള്ളരിമലയിൽ നിന്നും കുത്തിയൊഴുകിയെത്തിയ ദുരന്താവശിഷ്ടങ്ങൾ കിലോമീറ്ററുകൾ താണ്ടി നിലമ്പൂരിലും ചാലിയാറിലും വരെ എത്തിയിരുന്നു.

ദുരന്തബാധിതരിൽ നിരവധി പേർ ഇപ്പോഴും വാടക വീടുകളിലാണ് കഴിയുന്നത്. സർക്കാർ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും പലതും ഇനിയും പൂർണ്ണമായി നടപ്പിലാക്കാൻ വൈകുന്നത് അതിജീവിതരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നഷ്ടബോധത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നടുവിലാണ് ഇവർ ഇപ്പോഴും മുന്നോട്ട് പോകുന്നത്.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ അടക്കം ചെയ്ത പുത്തുമലയിലെ 'ഹൃദയഭൂമിയിൽ' ഇന്ന് വിപുലമായ അനുസ്മരണ ചടങ്ങുകളാണ് നടക്കുന്നത്. രാവിലെ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. ദുരന്തബാധിതർക്കായി കൽപറ്റയിൽ നിന്ന് പുത്തുമലയിലേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഹൃദയഭൂമിയിൽ 4600 ചതുരശ്ര അടി വിസ്തീർണത്തിൽ സർക്കാർ സ്മൃതികുടീരം നിർമിക്കുന്നുണ്ട്.

Tags

Share this story

From Around the Web