മൂന്നാറിലെ രണ്ട് വനിതകള്‍ സി.എസ്.ഐ. സഭയുടെ വൈദികര്‍; പട്ടം സ്വീകരിച്ചു
മൂന്നാര്‍: തെക്കിന്റെ കശ്മീരിലെ തേയിലത്തോട്ടത്തില്‍ ചരിത്രത്തിലേക്ക് ഒരു നാഴികക്കല്ലുകൂടി. ഇവിടത്തെ രണ്ട് വനിതകള്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.) കൊച്ചി മഹായിടവകയില്‍ വൈദികരായി പട്ടം സ്വീകരിച്ചു.
റവ. ഇന്ദിരാ അയ്യപ്പന്‍ (49), റവ. വിജയാ കറുപ്പുസ്വാമി (48) എന്നിവരാണ് മൂന്നാര്‍ സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ചില്‍ വൈദികശുശ്രൂഷയിലേക്ക് അഭിഷിക്തരായത്.
ഇരുവരും കഴിഞ്ഞ രണ്ടര വര്‍ഷമായി മൂന്നാറിലെ വിവിധ സി.എസ്.ഐ. പള്ളികളില്‍ ഡീക്കന്മാരായി (ശെമ്മാശന്മാര്‍) സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
വാഗവരൈയിലെ തേയിലത്തോട്ടത്തിലാണ് റവ. വിജയ ജനിച്ചുവളര്‍ന്നത്. മാതാപിതാക്കള്‍ തോട്ടം തൊഴിലാളികളായിരുന്നു. താമസം എസ്റ്റേറ്റ് ലയത്തിലും. വാഗവരൈ സി.എസ്.ഐ. ഹോളി ട്രിനിറ്റി ചര്‍ച്ചിലെ അംഗമാണ്.
മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റില്‍ വളര്‍ന്ന റവ. ഇന്ദിര, മറയൂര്‍ സി.എസ്.ഐ. സെയ്ന്റ് ജോണ്‍സ് ചര്‍ച്ചിലെ അംഗമാണ്. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഇരുവരും പഠനം പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരത്തെ കേരള യുണൈറ്റഡ് തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് ബാച്ചിലര്‍ ഓഫ് ഡിവൈനിറ്റി (ബി.ഡി.) ബിരുദം നേടി.
''പൗരോഹിത്യത്തിലേക്കുള്ള ഉയര്‍ച്ച എനിക്ക് യഥാര്‍ഥ ശാക്തീകരണമാണ്'' -ഇരുവരും പറയുന്നു.