മാലിന്യത്തിനിടയില്‍ തിളങ്ങിയത് രണ്ട് പവന്റെ പൊന്ന്; സ്വന്തമാക്കാതെ ഉടമയ്ക്ക് നല്‍കി ഹരിതകര്‍മ്മ സേനാംഗങ്ങള്‍!
കൊല്ലം:പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും കണ്ടുകിട്ടിയ രണ്ട് പവന്റെ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി ഹരിത കര്‍മ്മ സേനാംഗങ്ങളായ വിജയമ്മയും സരസ്വതിയും മാതൃകയായി. കൊല്ലം പത്തനാപുരം മഞ്ചള്ളൂരിലാണ് നാടിന് മുഴുവന്‍ അഭിമാനമായി മാറിയ ഈ സംഭവം നടന്നത്.
മഞ്ചള്ളൂര്‍ സ്വദേശികളായ ആദര്‍ശ്-ഗായത്രി ദമ്പതികളുടെ മകള്‍ ആദ്യ ആദര്‍ശിന്റെ സ്വര്‍ണ്ണമാല നാല് മാസം മുന്‍പാണ് നഷ്ടപ്പെടുന്നത്. എന്നാല്‍ മാല അബദ്ധത്തില്‍ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ചാക്കില്‍ അകപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം പ്രദേശത്തുനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ഹരിത കര്‍മ്മ സേനാംഗങ്ങളുടെ കയ്യില്‍ ഈ മാല കുരുങ്ങുന്നത്. മാലിന്യ കൂമ്പാരത്തില്‍ നിന്നും കിട്ടിയത് ഒറിജിനല്‍ സ്വര്‍ണ്ണമാലയാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ വിജയമ്മയും സരസ്വതിയും വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ മാല ആദ്യയുടെ അമ്മ ഗായത്രിക്ക് ഇരുവരും ചേര്‍ന്ന് കൈമാറി. നാല് മാസത്തെ കാത്തിരിപ്പിനൊടുവില്‍ നഷ്ടപ്പെട്ട മാല തിരികെ കിട്ടിയ സന്തോഷത്തിനൊപ്പം ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പത്തരമാറ്റ് തിളക്കമുള്ള സത്യസന്ധതയെയും ഒന്നടങ്കം അഭിനന്ദിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.