കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഇരകളായ രണ്ട് വൈദികരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു

 
LIFEEE

കത്തോലിക്കാ വിശ്വാസത്തെ പ്രതി 1951-ലും 1952-ലുമായി വധിക്കപ്പെട്ട ഫാ. ജാൻ ബുല, ഫാ. വാക്ലാവ് ഡോർബോള എന്നീ രണ്ട് വൈദികരെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനങ്ങൾക്കിരയായി രക്തസാക്ഷിത്വം വരിച്ച, ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യത്തെ വാഴ്ത്തപ്പെട്ടവരാണ് ഇവർ.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കിഴക്കൻ യൂറോപ്പിലുടനീളം കമ്യൂണിസം വ്യാപിച്ചതോടെ, കത്തോലിക്കാ സഭയ്ക്കും പ്രത്യേകിച്ച് വൈദികർക്കും നേരെ കടുത്ത പീഡനങ്ങൾ ആരംഭിച്ചിരുന്നു. അന്നത്തെ ചെക്കോസ്ലോവാക്യയിൽ (ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക്) സഭാ നേതാക്കളെ വേട്ടയാടാനും ഇല്ലാതാക്കാനും നിരീശ്വരവാദത്തിലധിഷ്ഠിതമായ ഭരണകൂടം ശ്രമിച്ചതിന്റെ ഇരകളായിരുന്നു ഈ രണ്ട് വൈദികരും. കത്തോലിക്കാ വിശ്വാസത്തിന്റെ പേരിൽ മാത്രം അറസ്റ്റ് ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇവരെ ഇപ്പോൾ ഔദ്യോഗികമായി രക്തസാക്ഷികളായി സഭ അംഗീകരിച്ചു.

ജൂൺ 6-ന് ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോയിൽ (Brno) നടന്ന ചടങ്ങുകൾക്ക് കർദിനാൾ മൈക്കൽ ചെർണി മുഖ്യകാർമ്മികത്വം വഹിച്ചു. ചടങ്ങിലെ വചനസന്ദേശത്തിൽ അദ്ദേഹം ഇങ്ങനെ ഓർമ്മിപ്പിച്ചു: “സൗകര്യങ്ങൾക്ക് വേണ്ടി സത്യത്തെ വിലപേശരുതെന്നും, മറ്റുള്ളവരുടെ അംഗീകാരത്തിനായി വിശ്വാസത്തെ പണയംവെക്കരുതെന്നും വാഴ്ത്തപ്പെട്ട ജാനും വാക്ലാവും നമ്മെ ഓർമ്മിപ്പിക്കുന്നു. സാക്ഷ്യം നൽകേണ്ടിടത്ത് നിശ്ശബ്ദത പാലിക്കരുത്; സ്വന്തം കരിയറിനോ സുഖസൗകര്യങ്ങൾക്കോ വേണ്ടി മനസ്സാക്ഷിയെ ബലികഴിക്കരുത്.”

ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യ രക്തസാക്ഷികളാണ് ഇവരെന്നിരിക്കെ, വരും നാളുകളിൽ കൂടുതൽ വൈദികരും സമർപ്പിതരും അല്മായരും ഇത്തരത്തിൽ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1920-ൽ ജനിച്ച ഫാ. ജാൻ ബുല 1938-ലാണ് ബ്രണോയിലെ രൂപതാ സെമിനാരിയിൽ ചേർന്നത്. 1945 ജൂലൈ 29-ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം തുടക്കത്തിൽ യുവാക്കളുടെ ഇടയിലാണ് ശുശ്രൂഷ ചെയ്തത്. എന്നാൽ 1948-ൽ കമ്യൂണിസ്റ്റ് ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെ അദ്ദേഹം കരിമ്പട്ടികയിലായി. ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭവുമായി ബന്ധപ്പെടുത്തി വ്യാജക്കുറ്റങ്ങൾ ചുമത്തി 1951 ഏപ്രിൽ 30-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടർന്ന് 1952 മെയ് 20-ന് ജയിലിൽ വച്ച് അദ്ദേഹത്തെ തൂക്കിലേറ്റുകയായിരുന്നു.

Tags

Share this story

From Around the Web