ഇക്വഡോറില്‍ കടലില്‍ മുങ്ങിത്താഴ്ന്ന അള്‍ത്താര ബാലന്മാരെ രക്ഷിക്കുന്നതിനിടെ രണ്ടു വൈദികര്‍ മരിച്ചു
ക്വിറ്റോ: ഇക്വഡോറിലെ കടല്‍ത്തീരത്ത് മുങ്ങിത്താഴുകയായിരുന്ന രണ്ട് അള്‍ത്താര ബാലന്മാരെ രക്ഷിക്കുന്നതിടെ രണ്ടു വൈദികര്‍ മരിച്ചു.
മാര്‍ച്ച് 13 വെള്ളിയാഴ്ചയാണ് ഡൗള്‍ രൂപതാംഗമായ ഫാ. അല്‍ഫോന്‍സോ അവിലസ് പെരെസ്, സാന്‍ ജാസിന്റോ രൂപതാംഗമായ ഫാ. പെഡ്രോ അന്‍സോട്ടെഗുയി എന്നിവരാണ് മരണപ്പെട്ടത്.
തീരദേശ പട്ടണമായ പ്ലേയാസില്‍ നോമ്പുകാലത്തു അള്‍ത്താര ശുശ്രൂഷകര്‍ക്ക് വേണ്ടി ഒരുക്കിയിരിന്ന ധ്യാനത്തിനിടെ കടലില്‍ പോയവരാണ് മുങ്ങിത്താഴ്ന്നത്.
എന്നാല്‍ സ്വജീവന്‍ വകവെയ്ക്കാതെ ഫാ. അല്‍ഫോന്‍സോ അവിലസ് പെരെസ്, ഫാ. പെഡ്രോ അന്‍സോട്ടെഗുയി എന്നിവര്‍ അള്‍ത്താര ബാലന്മാരെ രക്ഷിക്കുവാന്‍ കടലിലേക്ക് ഇറങ്ങുകയായിരിന്നു. ഇവരെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും വൈദികര്‍ക്ക് ജീവന്‍ നഷ്ട്ടമായി. വൈദികരുടെ മൃതസംസ്‌കാരം നടന്നു.
ഇക്വഡോര്‍ പ്രസിഡന്റിന്റെ ഭാര്യ ഡാനിയേല്‍ നൊബോവ, പ്രസിഡന്റിന്റെ അമ്മ അന്നബെല്ല അസിന്‍ എന്നിവരുള്‍പ്പെടെ നിരവധി വിശ്വാസികള്‍ സാന്‍ ആല്‍ബെര്‍ട്ടോ മാഗ്‌നോ ഇടവകയില്‍ എത്തിച്ചേര്‍ന്നു.
സ്‌നേഹിതന് വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന വചനം ജീവിതത്തില്‍ സ്വാംശീകരിച്ച രണ്ടു വൈദികരെയും ഗ്വായാക്വിലിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ലൂയിസ് കാബ്രെറ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ അനുസ്മരിച്ചു.
തന്നെ ഭരമേല്‍പ്പിച്ചവര്‍ക്കായി തന്നെത്തന്നെ സമര്‍പ്പിച്ചുക്കൊണ്ട് അവര്‍ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിയെന്നും ഈ സാഹചര്യങ്ങളില്‍ കര്‍ത്താവ് തന്റെ കൃപയും അനുഗ്രഹവും കൊണ്ട് നിറയ്ക്കുകയാണെന്നും കര്‍ദ്ദിനാള്‍ ലൂയിസ് കാബ്രെറ പറഞ്ഞു. വൈദികരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും വിശ്വാസികള്‍.