വാത്സിംഗ്ഹാം തീര്‍ത്ഥാടനത്തിന് ഇനി രണ്ടാഴ്ച.ഫാ. ജോസഫ് മുക്കാട്ട് മരിയന്‍ പ്രഭാഷകന്‍. പ്രസുദേന്തിമാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വാത്സിങ്ഹാം: വാത്സിങ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഒമ്പതാമത് മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും ഈമാസം 19 നു ശനിയാഴ്ച നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വവും മുഖ്യ കാര്‍മ്മികത്വവും വഹിക്കും.
തീര്‍ത്ഥാടന തിരുന്നാളില്‍ യൂത്ത് ആന്‍ഡ് മൈഗ്രന്റ് കമ്മീഷന്‍ ഡയറക്ടറും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് മരിയന്‍ പ്രഭാഷണം നടത്തും.
സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന തീര്‍ത്ഥാടനത്തില്‍ ആതിഥേയത്വം വഹിക്കുന്നത് ഫാ. ജിനു മുണ്ടനാടക്കലിന്റെ അജപാലന നേതൃത്വത്തില്‍ സീറോമലബാര്‍ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്. വാത്സിങ്ഹാം തീര്‍ത്ഥാടന സംഘാടക റോളില്‍ വര്‍ഷങ്ങളായി അനുഭവ സമ്പത്തുള്ളവരാണ് കേംബ്രിഡ്ജ് റീജയന്‍ സീറോമലബാര്‍ വിശ്വാസ സമൂഹം.
തീര്‍ത്ഥാടനത്തില്‍ പ്രസുദേന്തിമാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏവരും ഈ അനുഗ്രഹാവസരം ഉപയോഗിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
രജിസ്‌ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക
അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തില്‍ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ആഗോള കത്തോലിക്കാ സഭാ ജൂബിലി വര്‍ഷ പ്രത്യാശയുടെ തീര്‍ത്ഥാടനത്തില്‍ പ്രതീക്ഷിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയന്‍ പ്രഘോഷണ തിരുന്നാളിനാളില്‍ പങ്കു ചേരുന്ന തീര്‍ത്ഥാടകര്‍ക്ക്, മാതൃ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹ-കൃപാ വര്‍ഷവും, പ്രാര്‍ത്ഥനാ സാഫല്യവും നിറവേറുന്നതിനായി രൂപതയുടെ നേതൃത്വത്തിലും പ്രത്യേകിച്ച് കേംബ്രിഡ്ജ് റീജണിലെ ഓരോ ഭവനങ്ങളിലും മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു.
രാവിലെ നടക്കുന്ന വിവിധ മരിയന്‍ ശുശ്രുഷകള്‍, പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് മാതൃഭക്തി നിറവില്‍ തീര്‍ത്ഥാടന മരിയന്‍ പ്രഘോഷണ പ്രദക്ഷിണം എന്നിവ നടക്കും. ഓരോ മിഷനുകളും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്‌പേസില്‍ ബാനര്‍ പിടിച്ചുകൊണ്ട് മുത്തുക്കുടകളുടെ അകമ്പടിയോടെ 'പില്‍ഗ്രിമേജ് സ്പിരിച്വല്‍ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ രണ്ടു വരിയായി പ്രഘോഷണ-പ്രാര്‍ത്ഥനാ റാലിയില്‍ അണിചേറേണ്ടതാണ് . ആതിഥേയര്‍ പരിശുദ്ധ വാല്‍സിങ്ങാം മാതാവിന്റെ രൂപം വഹിച്ചു കൊണ്ട് ഏറ്റവും പിന്നിലായി നീങ്ങും.
ദേവാലയത്തിന്റെ വിലാസം
Catholic National Shrine of Our Lady Walshingham, Houghton St.Giles, Norfolk, NR22 6AL