എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ പരാജയപ്പെട്ടു; ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. നാനൂറോളം പൈലറ്റുമാരാണ് പരിശോധനയ്ക്ക് വിധേയരായത്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ പ്രാഥമിക ലഹരി പരിശോധനയില്‍ പരാജയപ്പെട്ടു. പ്രാഥമിക സ്‌ക്രീനിങ്ങില്‍ പരാജയപ്പെടാന്‍ കാരണം മയക്കുമരുന്ന് ഉപയോഗിച്ചതാണോ അതല്ല ഇവര്‍ കഴിക്കുന്ന ഏതെങ്കിലും മരുന്നാണോ എന്നറിയാനായി വിശദമായ പരിശോധന നടത്തും. മുന്‍കരുതലെന്ന നിലയില്‍ ഇരു പൈലറ്റുമാരേയും താത്കാലികമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയതായി എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ നാനൂറോളം പൈലറ്റുമാരാണ് ഇതുവരെ നിര്‍ബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയരായത്. ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചുവെന്ന് പരിശോധനാ ഫലത്തില്‍ തെളിഞ്ഞതിന് പിന്നാലെയാണ് കമ്പനി പൈലറ്റുമാര്‍ക്ക് ലഹരിപരിശോധന നിര്‍ബന്ധിതമാക്കിയത്. എഐ2379 വിമാനത്തില്‍ ഓഗസ്റ്റ് നാലിനാണ് പറക്കലിനിടെ പൊടുന്നനെ 300 അടി താഴ്ചയിലേക്ക് പതിച്ചത്.
വിമാനത്തിന്റെ നിയന്ത്രണം ആകാശത്തുവെച്ച് നാല് സെക്കന്‍ഡ് നേരം പൂര്‍ണമായി നഷ്ടപ്പെട്ടികരുന്നു. വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങള്‍ പൈലറ്റിന്റെ നിര്‍ദേശങ്ങളോട് പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നുണ്ടായ ശക്തമായ കുലുക്കത്തില്‍ യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു.
എയര്‍ബസ് എ-320 നിയോ വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡറിലെ (ബ്ലാക്ക് ബോക്സ്) വിവരങ്ങളുടെ പ്രാഥമിക പരിശോധനയിലാണ് ഇക്കര്യങ്ങള്‍ വ്യക്തമായത്. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായത്. എലിവേറ്ററുകളും എയിലറണുകളും ഉള്‍പ്പെടെയുള്ള പ്രധാന നിയന്ത്രണ സംവിധാനങ്ങള്‍ നാല് സെക്കന്‍ഡ് നേരത്തേക്ക് പൂര്‍ണമായും ഒരേസമയം പ്രവര്‍ത്തനരഹിതമായി എയര്‍ബസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനം അപകടകരമായ രീതിയില്‍ താഴാന്‍ തുടങ്ങിയതോടെ 'ഓട്ടോ പൈലറ്റ്' സംവിധാനം തനിയെ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് കോ-പൈലറ്റ് വിമാനത്തെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഹൈഡ്രോളിക് തകരാര്‍ കാരണം സാധിച്ചില്ല. സെക്കന്‍ഡുകള്‍ക്ക് ശേഷം ഹൈഡ്രോളിക് സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായതോടെയാണ് വലിയ അപകടം ഒഴിവായത്. എന്നാല്‍, വിമാനം പെട്ടെന്ന് താഴ്ന്നതിനെത്തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന പലര്‍ക്കും വിമാനത്തിന്റെ മേല്‍ക്കൂരയിലേക്ക് തെറിച്ചുവീണു പരിക്കേറ്റു.
വിമാനത്തിലെ ഒരു പ്രഷര്‍ സെന്‍സറിന്റെ തകരാറാണ് ഹൈഡ്രോളിക് സംവിധാനങ്ങളെ ബാധിച്ചതെന്നാണ് എയര്‍ബസിന്റെ പ്രാഥമിക നിഗമനം. പക്ഷേ, ഇതിന് കൃത്യമായ കാരണം തിരിച്ചറിഞ്ഞിട്ടില്ല. എയര്‍ബസ് അന്തിമ ശുപാര്‍ശകളും പുറത്തിറക്കിയിട്ടില്ല. ഇന്ത്യയിലെ എ.എ.ഐ.ബിയും ഫ്രഞ്ച് അന്വേഷണ ഏജന്‍സിയായ ബി.ഇ.എയും സംഭവത്തില്‍ സംയുക്തമായി വിശദമായ അന്വേഷണം നടത്തിവരികയാണ്. പൈലറ്റിന്റെ ലഹരി ഉപയോഗവും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.
വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് ആയ ക്യാപ്റ്റന്‍ സുദീപ് വസിഷ്ഠ പരിശോധനയില്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം നടത്തിയ രണ്ട് പരിശോധനകളിലും ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തി. പൈലറ്റ് വിമാനത്തില്‍വെച്ച് ലഹരി ഉപയോഗിച്ചിരുന്നതായി ഒരു ജീവനക്കാരന്‍ പരാതിനല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയിലെയും എയര്‍ ഇന്ത്യ എക്സ്പ്രസിലെയും മുഴുവന്‍ പൈലറ്റുമാരോടും ലഹരി പരിശോധനയ്ക്ക് വിധേയരാകാന്‍ എയര്‍ ഇന്ത്യ നിര്‍ദേശിച്ചു.