കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം;അനിലക്ക് എതിരെ നരഹത്യക്ക് കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നു
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരുടെ സുഹ്യത്തും മലയാളിയുമായ അനില(32)ക്ക് എതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്ത് മില്‍പിറ്റ്സ് പോലീസ്. ഓഗസ്റ്റ് 28-ാം തീയതിയാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ ആന്‍ മേരി മാത്യു (39), തൃശ്ശൂര്‍ സ്വദേശിനിയായ അഞ്ജന (35) എന്നിവരാണ് കൂട്ടുകാരിയും കോട്ടയം സ്വദേശിനിയുമായ അനില(34)യുടെ കൈകളാല്‍ കൊല്ലപ്പെട്ടത്.
കാലിഫോര്‍ണിയയിലെ മില്‍ക്രീക്ക് അപ്പാര്‍ട്ടുമെന്റിലാണ് ഇവര്‍ മൂന്നുപേരും കുടുംബസമേതം താമസിച്ചിരുന്നത്. അഞ്ചുവര്‍ഷമായി ഒരുകുടുംബം പോലെ താമസിച്ചിരുന്ന ഉറ്റസുഹൃത്തുക്കളായിരുന്നു മൂവരും. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഓണം ആഘോഷിച്ചതും സിനിമ കാണാന്‍ പോയതുമെല്ലാം മൂന്നു കൂട്ടുകാരുംകൂടി ഒരുമിച്ചായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമടക്കം ഇവരെ അറിയാവുന്ന എല്ലാവര്‍ക്കും ഈ വാര്‍ത്ത ഒരുപോലെ ഞെട്ടലുളവാക്കി.
സ്വതവേ ശാന്തസ്വഭാവമുള്ള അനില ഇത്തരത്തിലൊരു ക്രൂരകൃത്യം, അതും ആനിനോടും അഞ്ജലിയോടും ചെയ്യുമെന്ന് ആര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊലപാതകവിവരങ്ങള്‍ പുറംലോകമറിഞ്ഞത്. അപ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന അഞ്ജനയെ ഫോണില്‍ വിളിച്ച് താഴേക്ക് വരുത്തിയ ശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവമറിഞ്ഞ അഞ്ജനയുടെ ഭര്‍ത്താവ് വിജേഷ് ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിളിച്ച് വിവരമറിയിച്ചു. ഉടന്‍തന്നെ ആനിനെ വിളിച്ചുവെങ്കിലും ആരും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. വീട്ടിലെത്തിയ ജേക്കബ് കണ്ടത് കുത്തേറ്റ് രക്തത്തില്‍കുളിച്ച് ജീവനറ്റുകിടക്കുന്ന ആനിനെയാണ്. പിന്നാലെയാണ് പോലീസ് ഇരുവരുടെയും കൂട്ടുകാരിയായ അനിലയെ കസ്റ്റഡിയിലെടുത്തത്.
അപ്പാര്‍ട്ടുമെന്റിനടുത്തായി ഒരു സ്ഥലത്ത് ഇടിച്ചുകയറ്റിയ നിലയില്‍ കണ്ടെത്തിയ കാറില്‍നിന്നാണ് അനിലയെ പോലീസ് പിടികൂടിയത്. പിന്നീട് നടത്തിയ ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ജനയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കേസ് ചാര്‍ജ് ചെയ്തതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ മാത്യുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി മില്‍പിറ്റ്സ് പോലീസ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.