മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചു

 
jail


റായ്പൂര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ  തടഞ്ഞുവച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകള്‍ റിമാന്റില്‍.  സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രിയിലേക്ക് നാരായണ്‍പൂരില്‍നിന്ന് ആദ്യമായി ജോലിക്ക് എത്തിയ 19, 22 വയസുവീതം പ്രായമുള്ള രണ്ട് യുവതികളെയും കൂടെ ഉണ്ടായിരുന്ന അവരുടെ ബന്ധുവായ യുവാവിനെയും റെയില്‍വേ സ്റ്റേഷനില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സിസ്റ്റേഴ്സാണ് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുന്നത്.


തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദളിന്റെ നേതൃത്വത്തിലായിരുന്നു അങ്ങേയറ്റത്തെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുന്നു എന്നാരോപിച്ച് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ അഞ്ചുപേരെയും റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.


 സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലേക്ക് ജോലിക്ക് എത്തിയതാണെന്ന് അവര്‍ വ്യക്തമാക്കിയെങ്കിലും അതൊന്നും കേള്‍ക്കാന്‍ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തയാറായില്ല. തുടര്‍ന്ന് യുവതികളെ ദുര്‍ഗിലെ വനിതാ ക്ഷേമ സമിതിയുടെ സംരക്ഷ ണയിലേക്ക് മാറ്റുകയും ചെയ്തു.


കന്യാസ്ത്രീകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും സമരങ്ങളും നട ത്തുമെന്ന് ബജ്‌റംഗ്ദളിന്റെ പ്രഖ്യാപനവും ഇതിനിടയില്‍ ഉണ്ടായി. തുടര്‍ന്ന് നിയമപാലകരും മറ്റ് അധികാരികളും ബജ്റംഗദളിന്റെ പക്ഷംചേരുകയായിരുന്നു. 

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ പ്രതിഷേധക്കാര്‍ക്ക് ലഭിച്ചു എന്ന ആരോപണവും ഇപ്പോള്‍ ശക്തമാണ്. മക്കള്‍ തങ്ങളുടെ സമ്മതത്തോടെയാണ് സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോയതെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ വിശദീകരണം ഇതിനിടയില്‍ വന്നെങ്കിലും അതൊന്നും കേള്‍ക്കാന്‍ നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരോ പ്രതിഷേധക്കാരോ തയാറായില്ല. പെണ്‍കുട്ടികളെ മതംമാറ്റാന്‍ ശ്രമിക്കുന്നു എന്ന വാദം പ്രചരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.


ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടയിലാണ് ഒടുവിലത്തെ ഈ സംഭവം ഉണ്ടായിരിക്കുന്നത്. തീവ്രവര്‍ഗീയ സംഘടനകളുടെ നിലപാടുകള്‍ക്ക് ഭരണനേതൃത്വം ഒത്താശ ചെയ്യുന്നതിന്റെ പ്രത്യക്ഷഉദാഹരണമാണ് ഇന്നലെ നടന്നത്.

 പ്രായപൂര്‍ത്തിയായ ക്രൈസ്തവര്‍ക്ക് ജോലി ചെയ്തു ജീവിക്കാന്‍പോലും കഴിയാത്ത വിധത്തിലേക്ക് ഛത്തീസ്ഗഡിലെ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു.

Tags

Share this story

From Around the Web