ബിഹാറില്‍ രണ്ട് മദ്രസ വിദ്യാര്‍ഥികള്‍ കുളത്തില്‍ മരിച്ച നിലയില്‍; കരിമ്പ് പറിച്ചതിന് മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് കുടുംബം
ഗോപാല്‍ഗഞ്ച്: ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ 14 വയസുള്ള രണ്ട് മദ്രസ വിദ്യാര്‍ഥികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മുഹമ്മദ് സൈദ് ഷഹീദി, അഷ്റഫ് അലി എന്നിവരാണ് മരിച്ചത്. പാടത്തുനിന്ന് കരിമ്പ് പറിച്ചതിന്റെ പേരില്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ച ശേഷം കുളത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
നവംബര്‍ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് അഷ്റഫിന്റെ ബന്ധുവായ മുഹമ്മദ് ഷഹാബുദ്ദീന്‍ വ്യക്തമാക്കുന്നു. അന്ന് സംഭാവന ശേഖരിക്കാനായി പോയ അഞ്ച് മദ്രസ വിദ്യാര്‍ഥികള്‍ പാടത്തുനിന്ന് കരിമ്പ് പറിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാടത്തിന്റെ ഉടമ സത്യേന്ദ്ര പാണ്ഡെ, ഇയാളുടെ മക്കള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ പിന്തുടര്‍ന്ന് മര്‍ദിക്കുകയും 10,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.
പൊതുജനങ്ങള്‍ക്ക് നിയന്ത്രണം
ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചെളിയില്‍ കുടുങ്ങിയ മുഹമ്മദ് സൈദ് ഷഹീദിയെയും അഷ്റഫ് അലിയെയും അഞ്ചോളം പേര്‍ ചേര്‍ന്ന് പിടികൂടി കുളത്തിലേക്ക് എറിയുകയായിരുന്നുവെന്നാണ് ബന്ധുവിന്റെ ആരോപണം.
വിദ്വേഷക്കൊലയെന്ന് കുടുംബം
മരിച്ച രണ്ട് കുട്ടികള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നുവെന്ന് മുഹമ്മദ് ഷഹാബുദ്ദീന്‍ പറഞ്ഞു. തൊപ്പി ധരിച്ച മദ്രസ വിദ്യാര്‍ഥികളായതുകൊണ്ടാണ് കുട്ടികളെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. മറ്റൊരു സമുദായത്തിലെ കുട്ടികളായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സത്യേന്ദ്ര പാണ്ഡെയ്ക്കും മക്കള്‍ക്കുമെതിരെ നവംബര്‍ 27-ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, കുട്ടികളുടെ മരണം വെറും മുങ്ങിമരണമായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. കേസില്‍ കൃത്യമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കുടുംബം മുന്നറിയിപ്പ് നല്‍കി.