ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് രണ്ട് ജീവനുകള്‍. ആശുപത്രികളില്‍ വന്‍ തിരക്ക്,. മലപ്പുറത്ത് എലിപ്പനി വ്യാപനം അതിരൂക്ഷം

 
RAT


മലപ്പുറം ജില്ലയില്‍ എലിപ്പനി രോഗബാധയും മരണങ്ങളും ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് പൊതുജനങ്ങളില്‍ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. 

ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ മാസം മാത്രം ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ടുപേരാണ് ദാരുണമായി മരണപ്പെട്ടത്.


 ഓഗസ്റ്റ് 6-ന് ഈഴവത്തിരുത്തി സ്വദേശിനിയായ 57കാരിയും, ഓഗസ്റ്റ് 9-ന് മഞ്ചേരി സ്വദേശിയായ 45 വയസ്സുകാരനുമാണ് രോഗം ബാധിച്ച് മരണമടഞ്ഞത്. 

ഇതിന് പുറമെ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 40 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. 

എടവണ്ണ, മഞ്ചേരി, വെട്ടേക്കോട്, കാവന്നൂര്‍, തൃപ്പനച്ചി, ആനക്കയം, തൃക്കലങ്ങോട്, കൊണ്ടോട്ടി, ചോക്കാട്, ചുങ്കത്തറ, നിലമ്പൂര്‍, തിരുനാവായ, മാറാക്കര, മംഗലശ്ശേരി തുടങ്ങിയ പ്രധാന പ്രദേശങ്ങളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് അണുബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം പ്രതിരോധ മരുന്നായ 'ഡൊക്‌സിസൈക്ലിന്‍' നിര്‍ബന്ധമായും കഴിക്കണമെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പനിയോടൊപ്പം കഠിനമായ ശരീരവേദനയോ കണ്ണില്‍ ചുവപ്പോ അനുഭവപ്പെടുകയാണെങ്കില്‍ ഒട്ടും വൈകാതെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും, സ്വയം ചികിത്സ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.


എലിപ്പനിക്ക് പുറമെ സാധാരണ പനി ബാധിതരുടെ എണ്ണത്തിലും ജില്ലയില്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 16,634 പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയത്. 

പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം ആളുകള്‍ ചികിത്സയ്ക്കായി എത്തുമ്പോള്‍, കഴിഞ്ഞ ദിവസം മാത്രം 2,961 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയത്.

 ഇതോടെ ജില്ലയിലെ താലൂക്ക്, ജില്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Tags

Share this story

From Around the Web