രാവിലെ ഓടാന്‍ പോയ രണ്ട് പെണ്‍കുട്ടികള്‍ ഒരേ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ ഒരേ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെയാണ് 15-ഉം 17-ഉം വയസുള്ള പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. ബന്ധുക്കളായ കിരണ്‍, നൈന എന്നിവരാണ് മരിച്ചത്.
ഇവര്‍ പതിവായി രാവിലെ ഓടാന്‍ പോകാറുണ്ടെന്നും ഇന്ന് രാവിലെയും ഇവര്‍ ഓടാന്‍ വേണ്ടിയാണ് വീട്ടില്‍ നിന്ന് പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
നിഗോഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരയ്യ ഗ്രാമത്തിലാണ് സംഭവം. രാവിലെ എട്ട് മണിയോടെ ഒരു മരത്തിന്റെ ഒരേ കൊമ്പില്‍ രണ്ട് ദുപ്പട്ടകളിലായി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
വിവരമറിഞ്ഞെത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഇവര്‍ രാവിലെ ഓടാന്‍ പോയതായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ഷാജഹാന്‍പുര്‍ സര്‍ക്കിള്‍ ഓഫീസര്‍ ശുഭം വര്‍മ പറഞ്ഞു. ഇവരുടെ വീടുകള്‍ തമ്മില്‍ ഏകദേശം 200 മീറ്റര്‍ അകലമാണുള്ളത്.
സംഭവത്തില്‍ മരണകാരണമോ സാഹചര്യങ്ങളോ വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വിശദമായ അന്വേഷണവും പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
നിലവില്‍ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല.
പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയെങ്കിലും അവ ലോക്ക് ചെയ്ത നിലയിലാണെന്നും, സൈബര്‍ ടീമിന്റെ സഹായത്തോടെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇവര്‍ സമൂഹമാധ്യമങ്ങളില്‍ റീലുകള്‍ നിര്‍മിച്ച് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നുവെന്ന് ഷാജഹാന്‍പുര്‍ എസ്പി സൗരഭ് ദീക്ഷിത് മാധ്യമങ്ങളോട് വ്യക്തമാക്കി.