കാറിനുള്ളില്‍ രണ്ട് ദിവസം..! ആലുവയില്‍ 45കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി, ഫ്‌ലാറ്റിലെ താമസക്കാര്‍ക്കും അറിയാത്ത ജീവിതം
ആലുവ ചൂര്‍ണിക്കരയിലെ ഫ്‌ലാറ്റ് വളപ്പില്‍ ഏറെ നാളായി ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിന്‍സീറ്റില്‍ 45കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റില്‍ മൂന്ന് മാസമായി ഒറ്റയ്ക്കായിരുന്നു അനില താമസിച്ചിരുന്നത്. മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.
ഫ്‌ലാറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ റോഡ് ടാക്‌സ് കാലാവധി കഴിഞ്ഞതിനാല്‍ ഏറെ നാളായി ഉപയോഗിക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ വാഹനത്തിലേക്ക് ആരുടെയും ശ്രദ്ധ കാര്യമായി പോയിരുന്നില്ല. ഫ്‌ലാറ്റില്‍ താമസിക്കുന്ന സനല്‍ എന്നയാളുടേതാണ് കാര്‍. കാറിന്റെ പിന്‍സീറ്റിലാണ് അനിലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാന്‍സര്‍ ചികിത്സയിലായിരുന്ന അനില ഇടയ്ക്കിടെ വളര്‍ത്തുനായയുമായി നടക്കാന്‍ പുറത്തിറങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഫ്‌ലാറ്റിലെ മറ്റു താമസക്കാര്‍ക്ക് ഇവരെക്കുറിച്ച് കാര്യമായ വിവരങ്ങളുണ്ടായിരുന്നില്ല. ഏറെ നാള്‍ തിരുവനന്തപുരത്ത് ഐ.ടി. മേഖലയില്‍ ജോലി ചെയ്തിരുന്നതായി ചിലരോട് അനില പറഞ്ഞിരുന്നതായും വിവരമുണ്ട്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യയാണോ മറ്റ് സാഹചര്യങ്ങളാണോ എന്നത് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഫ്‌ലാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന അനിലയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.