ബക്രീദിന് രണ്ട് ദിവസം അവധി, യുഡിഎഫ് സർക്കാരിന്റെ ആദ്യ സുപ്രധാന ഉത്തരവ് പുറത്ത്, അധികാരമേറ്റ ഉടൻ ലീഗ് സ്വാധീനം പ്രകടമാകുന്നതായി രാഷ്ട്രീയ വിലയിരുത്തൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ റംസാൻ/ബക്രീദ് പ്രമാണിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. മേയ് 27 ബുധനാഴ്ചയും മേയ് 28 വ്യാഴാഴ്ചയും സംസ്ഥാനത്ത് ഔദ്യോഗിക അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
നേരത്തെ മേയ് 27-ന് മാത്രമായിരുന്നു അവധി നിശ്ചയിച്ചിരുന്നതെങ്കിലും, പുതുക്കിയ കലണ്ടർ പ്രകാരം മേയ് 28 കൂടി അവധിയായി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ഗവർണറുടെ ഉത്തരവിൻ പ്രകാരം പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു ഐ.എ.എസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ സർക്കാർ അധികാരമേറ്റ ഉടൻ തന്നെ ബക്രീദിന് രണ്ട് ദിവസത്തെ അവധി അനുവദിച്ച് ഉത്തരവിറങ്ങിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഭരണത്തിൽ മുസ്ലിം ലീഗിന്റെ അപ്രമാദിത്യവും സ്വാധീനവും വ്യക്തമാക്കുന്നതാണ് ഈ പെട്ടെന്നുള്ള തീരുമാനമെന്നാണ് രാഷ്ട്രീയ അണിയറകളിൽ ഉയരുന്ന അഭ്യൂഹങ്ങൾ.
അധികാര കൈമാറ്റത്തിന് ശേഷം ലീഗിന്റെ ആവശ്യങ്ങൾക്ക് സർക്കാർ നൽകുന്ന മുൻഗണനയുടെ തെളിവാണ് ഈ ഉത്തരവെന്ന രീതിയിലുള്ള വിലയിരുത്തലുകളും ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. ഏതായാലും പുതിയ സർക്കാരിന്റെ ആദ്യ ജനപ്രിയവും അതേസമയം രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയതുമായ ഒരു തീരുമാനത്തോടെയാണ് വരും ദിവസങ്ങളിലെ ഭരണനടപടികൾക്ക് തുടക്കമായിരിക്കുന്നത്.