കാനഡയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടന്നത് രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങള്‍
കാനഡയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് കടുത്ത ജൂതവിരുദ്ധ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടൊറന്റോയിലും മോണ്‍ട്രിയലിലുമായി നടന്ന ഈ സംഭവങ്ങള്‍ രാജ്യത്തെ ജൂത ജനവിഭാഗത്തിനിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ആദ്യ സംഭവം ജൂണ്‍ 30-ന് ടൊറന്റോയില്‍ പകല്‍ സമയത്താണ് നടന്നത്. ജൂതമത വിശ്വാസിയായ ജോസഫ് ബിറ്റണ്‍ എന്ന ആള്‍ക്ക് നേരെ യെമനിലെ ഹൂതി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് അവകാശപ്പെട്ട ഒരാള്‍ അക്രമണം നടത്തുകയായിരുന്നു ''ഇസ്രായേല്‍, കുഞ്ഞുങ്ങളെ കൊല്ലുന്നതുകൊണ്ട് നിന്നെ ഞാന്‍ വധിക്കും'' എന്ന് ആക്രോശിച്ചുകൊണ്ട് പ്രതി കല്ലുകളും ഇഷ്ടികകളും ഇരുമ്പ് കമ്പികളും ബിറ്റണിനു നേരെ എറിയുകയായിരുന്നു.
കൂടാതെ, മരക്കൊമ്പ് കൊണ്ട് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.സംഭവത്തില്‍ ടൊറന്റോ പൊലീസ് അബ്ദുല്‍കാദിര്‍ അല്‍-ജെലാനി (58) എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. പൊലീസ് ഇതിനെ ഒരു വിദ്വേഷ കുറ്റകൃത്യമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ വെള്ളിയാഴ്ച രാത്രി മോണ്‍ട്രിയലിലെ ഒരു ആരാധനാലയത്തിന് പുറത്തുവച്ച് മറ്റൊരു വിദ്വേഷ ആക്രമണവുമുണ്ടായി.
പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ ഹസിദിക് ജൂത സമൂഹത്തില്‍പ്പെട്ട ഒരാളുടെ പരമ്പരാഗത രോമത്തൊപ്പി കാറില്‍ നിന്നിറങ്ങിയ ഒരാള്‍ ബലമായി പിടിച്ചുപറിക്കാന്‍ ശ്രമിച്ചു.
മറ്റ് ജൂതന്മാര്‍ തടയാന്‍ ശ്രമിച്ചതോടെ അക്രമി കാറില്‍ കയറി രക്ഷപ്പെട്ടെങ്കിലും, അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ വിലപിടിപ്പുള്ള പരമ്പരാഗത തൊപ്പികള്‍ ഇയാള്‍ മോഷ്ടിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.