അഖിൽ മാരാരുടെ വിവാദ ഓഡിയോ പുറത്തുവിട്ട് ട്വന്റി 20; പാർട്ടിയിൽ തുടരുന്നത് മെച്ചമുണ്ടാകാനെന്ന് വ്യക്തമാക്കിയുള്ള നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
കോട്ടയം: അഖിൽ മാരാർ - ട്വന്റി 20 പോര് കടുക്കുന്നു. ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് തന്നെ ചതിച്ചെന്നും പണത്തിനു വേണ്ടിയാണ് സാബു കാര്യങ്ങളൊക്കെ ചെയ്യുന്നതെന്നും അഖിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ട്വന്റി 20യിൽ നിന്ന് അഖിൽ രാജിവയ്ക്കുകയും ചെയ്തിരുന്നു. ട്വന്റി 20ക്കെതിരായ വിമർശനം കടുപ്പിക്കുന്നതിനിടെയാണ് അഖിലിന്റേതായ സംഭാഷണം ട്വന്റി 20 പുറത്തുവിട്ടത്. താൻ പാർട്ടിയിൽ തുടരണമെങ്കിൽ അതുകൊണ്ട് മെച്ചമുണ്ടാകണമെന്നും അതല്ലെങ്കിൽ തനിക്ക് നഷ്ടം മാത്രമേയുള്ളൂ എന്ന അഖിലിന്റെ ഫോൺ സംഭാഷണമാണ് ട്വന്റി 20 പാർട്ടി തങ്ങളുടെ സമൂഹമാധ്യമ പേജിലൂടെ പുറത്തു വിട്ടതിനു പിന്നാലെ വൈറലുമായി.
‘‘രാഷ്ട്രീയ പാർട്ടിയിൽ തുടരണമെങ്കിൽ കൃത്യമായ അക്കൊമഡേഷൻ ഉണ്ടാകണം. ഇത് ഞാൻ തുറന്നു പറയുകയാണ്. അത് സാമ്പത്തികമായിട്ട് ആണെങ്കിൽ അങ്ങനെ. കാരണം നമുക്ക് ജീവിക്കണം. ഞാന്‍ അങ്ങനെ ജീവിച്ചു വന്നയാളാണ്. കോൺഗ്രസും ബിജെപിയും ദേശീയ പാർട്ടികളാണ്. അതിന്റേതായ വിലയുണ്ട്. ട്വന്റി 20ക്ക് അതില്ല. അതല്ല എങ്കിൽ കേന്ദ്രത്തിന്റെ ഏതെങ്കിലും ബോർഡ് ചോദിച്ചു വാങ്ങണം. കാരണം ഇതിൽ വന്നിട്ട് നഷ്ടങ്ങൾ മാത്രമേയുള്ളൂ. ഈ പാർട്ടിയിൽ ചേരാനുള്ള തീരുമാനം എടുക്കാനുള്ള കാരണം കൊട്ടാരക്കര സീറ്റ് മാത്രമായിരുന്നു’’ – ട്വന്റി 20 പുറത്തുവിട്ട സംഭാഷണം ഇങ്ങനെയാണ്. ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു സംഭാഷണം ഉണ്ടായത് എന്നോ ആരോടാണ് സംസാരിക്കുന്നത് എന്നോ ഉള്ള കാര്യങ്ങൾ ട്വന്റി 20 വ്യക്തമാക്കിയിട്ടില്ല.
നേരത്തെ, സാബു എം.ജേക്കബുമായുള്ള സംഭാഷണങ്ങളും ചാറ്റുകളും അഖിൽ പുറത്തു വിട്ടിരുന്നു. താനല്ല ട്വന്റി 20യിൽ ചേരാൻ ചെന്നത് എന്നും മറിച്ച് പരസ്യ ഏജൻസികളെ കൊണ്ട് തന്നെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ് അഖിൽ പറയുന്നത്. കൊട്ടാരക്കര മണ്ഡലത്തിൽ സീറ്റ് നൽകാം എന്നു പറഞ്ഞായിരുന്നു വിളിച്ചത് എങ്കിലും അത് നൽകിയില്ല. പകരമായി തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞെങ്കിലും അതും നൽകിയില്ലെന്നായിരുന്നു അഖിലിന്റെ വിമർശനം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സാബു എം.ജേക്കബിനെ വിളിച്ചെങ്കിലും പ്രതികരിക്കാൻ പോലും തയാറായില്ലെന്ന് അഖിൽ ആരോപിച്ചിരുന്നു. എന്നാൽ അഖിൽ മാരാറിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ സാബു എം.ജേക്കബ് പ്രസ്താവന പുറത്തിറക്കിയിരുന്നു. പണവും സ്ഥാനമാനങ്ങളും മോഹിച്ചു വരുന്നവർക്കുള്ളതല്ല ട്വന്റി 20 എന്നും അഖിൽ ആരോപിച്ച കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നുമായിരുന്നു ട്വന്റി 20 നേതാവിന്റെ വാദം. ഇതിനിടെയാണ്, അഖിലിന്റെ സംഭാഷണവും പുറത്തു വന്നിരിക്കുന്നത്.
അഖിലിനെതിരെ വലിയ രീതിയിൽ വിമർശനവും ഉയരുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് രമേഷ് പിഷാരടി, അഖിൽ മാരാരെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമാണ് വിമർശകർ ഇപ്പോൾ കുത്തിപ്പൊക്കുന്നത്. തനിക്കെതിരെയുള്ള അഖിലിന്റെ വിമർശനങ്ങളെക്കുറിച്ച് പിഷാരടിയോട് ചോദിച്ചപ്പോൾ, അത്തരം പ്രസ്താവനകളെ ശ്രദ്ധിക്കാൻ തനിക്ക് സമയമില്ലെന്നും ഒരാഴ്ച കഴിയുമ്പോൾ അദ്ദേഹം തന്നെ നിലപാട് തിരുത്തിപ്പറയുമെന്നും പിഷാരടി അന്ന് പരിഹസിച്ചിരുന്നു. രമേഷ് പിഷാരടി അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ഈ സംഭവം സൂചിപ്പിക്കുന്നുവെന്നാണ് ആളുകളുടെ പ്രതികരണം.