പന്ത്രണ്ടുകാരിയുടെ 'തമാശ' കാര്യമായി'; അഹമ്മദാബാദ്-ഹൈദരാബാദ് വിമാനത്തില്‍ ബോംബുഭീഷണി
ഹൈദരാബാദ്: അഹമ്മദാബാദില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 12-കാരി നടത്തിയ 'തമാശപറച്ചില്‍' പരിഭ്രാന്തി പരത്തി. വിമാനത്തില്‍ ബോംബു വെച്ചിട്ടുണ്ടെന്ന് കുട്ടി ഒപ്പമുള്ളവരോട് പറയുന്നത് ക്യാമ്പിന്‍ ക്രൂ കേട്ടതാണ് വിഷയമായത്.
രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ജാഗ്രത പ്രഖ്യാപിക്കുന്നതിനുള്‍പ്പെടെ ഈ തമാശപറച്ചില്‍ ഇടയാക്കി. സ്‌കൂള്‍ വിനോദയാത്ര കഴിഞ്ഞ് മറ്റ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് കൂടെയുണ്ടായിരുന്ന സഹപാഠിയോട് വിമാനത്തില്‍ 'ബോംബുണ്ട്' എന്ന് പറഞ്ഞത്. ഇത് കേട്ട ക്യാബിന്‍ ക്രൂ അംഗം ഉടന്‍ തന്നെ വിവരം പൈലറ്റിനെ അറിയിച്ചു.
വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തയുടന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും കുട്ടിയെ അധ്യാപകര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടി ബോധപൂര്‍വമല്ലാതെ തമാശരൂപേണ പറഞ്ഞതാണെന്നും മറ്റ് യാതൊരു വിധ ഉദ്ദേശ്യങ്ങളും ഇതിന് പിന്നിലില്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.