ട്രംപിന്റെ മരുമകനും സംഘവും കൊച്ചിയില്‍.ആലപ്പുഴയില്‍ ബോട്ട് യാത്ര. വള്ളംകളി കാണും
കൊച്ചി: യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മരുമകന്‍ മൈക്കിള്‍ ബൂലോസ് കൊച്ചിയിലെത്തി.
രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. അമേരിക്കന്‍ അംബാസഡറും ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ട്രംപിന്റെ മകള്‍ ടിഫാനി ട്രംപിന്റെ ഭര്‍ത്താവാണ് മൈക്കിള്‍ ബൂലോസ്. കൊച്ചിയില്‍നിന്ന് സംഘം ആലപ്പുഴയിലെത്തി ആഢംബര ബോട്ടില്‍ യാത്രനടത്തി.
രണ്ട് മണിക്കൂറുളോം കായലില്‍ ചെലവഴിക്കുമെന്നാണ് വിവരം. വള്ളംകളി കാണാനുള്ള താത്പര്യം ഇവര്‍ ഉദ്യോഗസ്ഥരോട് അറിയിച്ചിട്ടുണ്ട്.
നെഹ്‌റുട്രോഫിയുടെ ഭാഗമായി നടക്കുന്ന ട്രയല്‍ വള്ളം കളിയുടെ പ്രദര്‍ശനം ഇവര്‍ക്കായി നടത്തിയേക്കുമെന്നും വിവരമുണ്ട്.
വള്ളംകളി കണ്ട ശേഷം ഇവര്‍ തിരികെ കൊച്ചിയിലേക്ക് മടങ്ങും. ഇന്നു തന്നെ തിരികെ മടങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് മൈക്കിള്‍ ബൂലോസ് എത്തിയത്. സന്ദര്‍ശനത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോ എന്നത് വ്യക്തമല്ല. സന്ദര്‍ശനവിവരം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ കാരണങ്ങളാലാണ് രഹസ്യമാക്കിവെച്ചതെന്നാണ് വിവരം.
'അംബാസഡര്‍ ഗോറുമായി മൈക്കല്‍ ബൂലോസ് സൗഹൃദത്തിലാണ്. തന്റെ സുഹൃത്തിനെ സന്ദര്‍ശിക്കുന്നതിനായി ഈ വര്‍ഷം രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
അദ്ദേഹം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിട്ടാണ് ഇവിടെ വന്നിട്ടുള്ളത്, ഔദ്യോഗിക സന്ദര്‍ശനത്തിനല്ല.' യുഎസ് എംബസി വക്താവ് അറിയിച്ചു.