ട്രംപിന് കത്തോലിക്ക വോട്ടര്‍മാര്‍ക്കിടയില്‍ ജനപ്രീതി കുറയുന്നു. പുതിയ സര്‍വ്വേഫലം പുറത്ത്

 
TRUMPH

ഇറാനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ട്രംപിന്റെ പ്രധാന വോട്ട് ബാങ്കായ കത്തോലിക്കാ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ പോളിംഗില്‍ 48 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നത്; 


എന്നാല്‍ 52 ശതമാനം പേരും അദ്ദേഹത്തിന്റെ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഷാ ആന്‍ഡ് കോ റിസര്‍ച്ചും ബീക്കണ്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ ഈ സര്‍വേയില്‍ 40 ശതമാനം കത്തോലിക്കരും ട്രംപിന്റെ നടപടികളെ ശക്തമായി എതിര്‍ക്കുന്നതായാണ് കാണുന്നത്. 

2024-ല്‍ 55 ശതമാനം കത്തോലിക്കാ വോട്ടുകളുടെ പിന്തുണയോടെ വിജയിച്ച ട്രംപിന് ഈ ഇടിവ് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. യുദ്ധത്തിന് പകരം നയതന്ത്ര പാത സ്വീകരിക്കണമെന്ന് വത്തിക്കാനും കത്തോലിക്കാ ബിഷപ്പുമാരും ട്രംപിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

 ഇറാന്‍ വിഷയത്തില്‍ ട്രംപിന്റെ നിലപാടുകളെ 60 ശതമാനം കത്തോലിക്കരും തള്ളിക്കളയുകയാണ്. സൈനിക നടപടിയിലൂടെ സമാധാനം കൊണ്ടുവരാനാകുമെന്ന് കേവലം 45 ശതമാനം പേര്‍ മാത്രമാണ് വിശ്വസിക്കുന്നത്.


എങ്കിലും ഇറാന്റെ ആണവ മോഹങ്ങളെയും ഭീകരവാദത്തോടുള്ള സമീപനത്തെയും കത്തോലിക്കാ സമൂഹം ഗൗരവത്തോടെയാണ് കാണുന്നത്. സര്‍വേയില്‍ പങ്കെടുത്ത 74 ശതമാനം പേരും ഇറാന്‍ ആണവായുധം കൈക്കലാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. 


കൂടാതെ മേഖലയിലെ എണ്ണ വിതരണം തടസ്സമില്ലാതെ നടക്കണമെന്നും, ഭീകരവാദത്തിനുള്ള ഇറാന്റെ പിന്തുണ കുറയ്ക്കണമെന്നും ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നു. ചുരുക്കത്തില്‍, ഇറാന്റെ ഭീഷണികളെ നേരിടണം എന്ന കാര്യത്തില്‍ യോജിപ്പമുണ്ടെങ്കിലും, ട്രംപ് സ്വീകരിക്കുന്ന യുദ്ധമെന്ന മാര്‍ഗ്ഗത്തോടാണ് കത്തോലിക്കാ സമൂഹം വിയോജിക്കുന്നത്. 

പൊതുസമൂഹത്തിനിടയിലെ ട്രംപിന്റെ മൊത്തത്തിലുള്ള ജനപ്രീതി 41 ശതമാനമായി കുറഞ്ഞതും വരാനിരിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹത്തിന് വെല്ലുവിളിയാകും.

Tags

Share this story

From Around the Web