ഇലോൺ മസ്കിന്റെ കമ്പനിക്കുള്ള കരാറുകൾ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം പാളി; ഒഴിവാക്കാനാവില്ലെന്ന് റിപ്പോർട്ട്

ഇലോൺ മസ്കിനെതിരായ ട്രംപിന്റെ നീക്കങ്ങൾ പൊളിയുന്നു. മസ്ക് നേതൃത്വം നൽകുന്ന ബഹിരാകാശ ദൗത്യ സ്ഥാപനമായ സ്പേസ് എക്സിനുള്ള അമേരിക്കയുടെ കരാറുകൾ റദ്ദാക്കാനുള്ള ട്രംപിന്റെ നടപടികൾ ലക്ഷ്യം കണ്ടില്ല.
മസ്കുമായി ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കരാറുകൾ റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇത് പ്രകാരം അനാവശ്യ കരാറുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ട്രംപ് വൈറ്റ് ഹൗസിന് നിർദേശം നൽകി. എന്നാൽ കരാറുകൾ ഒട്ടുമിക്കവയും നിർണായകമാണെന്നും റദ്ദാക്കാനാവില്ലെന്നുമാണ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. നാസയും പെന്റഗണും ഇതേ നിലപാടാണ് എടുത്തത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലടക്കം ട്രംപിനെ ശക്തമായി പിന്തുണച്ച മസ്ക്, ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ നിയമത്തെ ചൊല്ലിയാണ് ഭിന്നതയിലായത്. ട്രംപ് ഭരണകൂടത്തെ സഹായിക്കാൻ രൂപീകരിച്ച ‘ഡോജിന്റെ’ തലവനായിരുന്നു മസ്ക്. എന്നാൽ ഭിന്നതയെ തുടർന്ന് ‘അമേരിക്ക പാർട്ടി’ എന്ന രാഷ്ട്രീയ പാർട്ടി മസ്‌ക് ആരംഭിച്ചിരുന്നു.
മസ്കിന്റെ കമ്പനികൾക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകളാണ് ഗവൺമെന്റ് നൽകിയിട്ടുള്ളതെന്നും അവ റദ്ദാക്കിയാൽതന്നെ യുഎസിന് സാമ്പത്തികമായി വലിയ ആശ്വാസം ലഭിക്കുമെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഇതൊക്കെ മസ്കിനെ വലിയ രീതിയിൽ ചൊടിപ്പിച്ചു.
പെന്റഗണിൽ നിന്ന് ഏപ്രിലിൽ 5.9 ബില്യൻ ഡോളർ (ഏകദേശം 50,000 കോടി രൂപ) മതിക്കുന്ന 28 കരാറുകൾ സ്പേസ്എക്സ് നേടിയിരുന്നു. സ്പേസ്എക്സിന്റെ ‘ഡ്രാഗൺ 2’ (ക്രൂ ഡ്രാഗൺ) സ്പേസ്ക്രാഫ്റ്റിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും തിരിച്ചും ദൗത്യസംഘത്തെ കൊണ്ടുപോകാനുള്ള സർട്ടിഫിക്കേഷനുള്ളത്. ഇങ്ങനെയിരിക്കെയാണ് മസ്കിനെതിരെ ഇത്തരം നടപടികളുമായി ട്രംപ് മുന്നോട്ട് വരുന്നത്.