ട്രംപിന്‍റെ കുടിയേറ്റനയം: യുഎസിൽ കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നു, 50 വർഷത്തിനിടെ ആദ്യം

വാഷിംഗ്ടൺ ഡി സി: 50 വർഷത്തിനിടെ ആദ്യമായി യുഎസിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായി പുതിയ റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ കർശന കുടിയേറ്റ നിയന്ത്രണ നടപടികളാണ് ഈ ഇടിവിന് കാരണമെന്നും പ്യൂ റിസർച്ച് സെന്‍റർ നടത്തിയ പുതിയ പഠനം കണ്ടെത്തി. 2025 ലെ ആദ്യ ആറ് മാസങ്ങളിൽ 15 ലക്ഷത്തോളം കുടിയേറ്റക്കാരുടെ കുറവുണ്ടായതായി പഠനത്തിൽ പറയുന്നു. ട്രംപ് അധികാരമേറ്റതിനുശേഷം 16 ലക്ഷം അനധികൃത കുടിയേറ്റക്കാർ സ്വമേധയാ യുഎസ് വിട്ടുപോയതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കുടിയേറ്റ ജനസംഖ്യയിൽ വൻ കുറവിന് കാരണമായി.
2025 ജൂൺ മാസത്തിൽ അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണം 51.9 ലക്ഷമായി കുറഞ്ഞു. ഇത് കഴിഞ്ഞ ആറ് മാസത്തെ കണക്കിനേക്കാൾ 15 ലക്ഷത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം യുഎസിലെ കുടിയേറ്റക്കാരുടെ അനുപാതം ഇപ്പോഴും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ജനസംഖ്യയുടെ 15.4% വിദേശികളാണെന്ന് പഠനത്തിൽ പറയുന്നു.
എന്നാൽ, കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയിലും തൊഴിൽ രംഗത്തും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളിലും കുടിയേറ്റ തൊഴിലാളികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും കൂടുതൽ ആളുകൾ വിരമിക്കുന്ന സാഹചര്യത്തിൽ അവരുടെ പ്രാധാന്യം വർധിച്ചുവരികയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.