ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് പിടിച്ചെടുക്കുമെന്ന് ട്രംപ്; മറുപടിയുമായി ഇറാൻ

 
trump

വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻറെ ആണവായുധ ശേഷി തടയുന്നതിനുള്ള നീക്കങ്ങൾ അമേരിക്കയിൽ ഇന്ധന വിലയും പണപ്പെരുപ്പവും വർധിപ്പിക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, തെരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെ ഹോർമുസ് പിടിച്ചെടുക്കാൻ ആർക്കും കഴിയില്ലെന്ന് ട്രംപിന് മറുപടിയുമായി ഇറാൻ ഉപവിദേശകാര്യ മന്ത്രി ഖാസിം ഗരീബാബാദി രംഗത്തെത്തി. ഇതിനിടയിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകൾ ഉടൻ പൂർത്തിയാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇതിനിടെ ഹോർമുസിൽ യു.എ.ഇയുടെ മറ്റൊരു എണ്ണക്കപ്പലിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. ഇസ്രായേലുമായുള്ള തുടർ ചർച്ചകൾ ലെബനൻ താല്പര്യങ്ങളെ ഹനിക്കുമെന്ന് ഹിസ്ബുല്ല മേധാവി നഈം ഖാസിമും വ്യക്തമാക്കി.

അതേസമയം, നിലവിലെ കരാറിന്റെ കാലാവധി ഓഗസ്റ്റ് 17ന് അവസാനിക്കാനിരിക്കെ, 60 ദിവസത്തെ വെടിനിർത്തൽ നീട്ടാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാകിസ്താൻ സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് തുർക്കിയിലെ ‘അനഡോലു’ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കരാർ നീട്ടുന്നതിനുള്ള സമ്മതം ഇരുരാജ്യങ്ങളും മധ്യസ്ഥരെ അറിയിച്ചതായി ചർച്ചകളുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ എത്ര കാലത്തേക്ക് നീട്ടണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

Tags

Share this story

From Around the Web