ഇന്ത്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങൾക്കെതിരെ തീരുവ ഭീഷണിയുമായി ട്രംപ്

വാഷിംങ്ഡൺ: ഇന്ത്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങൾക്കെതിരെ തീരുവ ഭീഷണിയുമായി യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
അമേരിക്കയെ ഉപദ്രവിക്കാനും ഡോളറിന്‍റെ മൂല്യത്തിൽ ഇടിവ് വരുത്താനുമാണ് ബ്രിക്‌സ് രൂപീകരിച്ചതെന്നാണ് ട്രംപിന്റെ വാദം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ പ്രധാന അംഗങ്ങൾ.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി ആരംഭിച്ച് ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന ബ്രിക്സ് (BRICS) 17-ാമത് ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയിൽ സമാപിച്ചപ്പോഴാണ് അമേരിക്കൻ പ്രസിഡന്‍റ് പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്.
‘ലോകം മാറി. നമുക്ക് ഒരു ചക്രവർത്തിയുടെ ആവശ്യമില്ല’ – എന്നായിരുന്നു വിഷയത്തിൽ ആതിഥേയ രാജ്യം കൂടിയായ ബ്രസീലിന്‍റെ പ്രസിഡന്‍റ് പ്രതികരിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ ജപ്പാൻ, ദക്ഷിണകൊറിയ, മലേഷ്യ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുഎസുമായി പുതിയ വ്യാപാരക്കരാര്‍ ഓഗസ്റ്റ് ഒന്നിന് മുന്നേ ഉണ്ടാക്കിയില്ലെങ്കിൽ പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് കത്തയച്ചിരുന്നു. ബ്രിട്ടണും ചൈനയുമായി വ്യാപാരക്കരാർ ഉണ്ടാക്കിയെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.