ദോഹയില്‍ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന് അറിയിച്ചിരുന്നുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഖത്തര്‍

ദോഹ:ദോഹയില്‍ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന് അറിയിച്ചിരുന്നുവെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഖത്തര്‍.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പാര്‍പ്പിട കേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു അവകാശവാദം വൈറ്റ് ഹൗസ് ഉന്നയിച്ചത്. യു എസ് പിന്തുണയോടെയുള്ള ഹമാസ്- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പ്രധാന മധ്യസ്ഥ രാജ്യമാണ് ഖത്തര്‍.
ആക്രമണം മുന്‍കൂര്‍ ആയി സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്നത് തെറ്റാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. സ്ഫോടന ശബ്ദം കേള്‍ക്കുന്ന സമയത്താണ് അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ ലഭിച്ചതെന്നും വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.
ആക്രമണം ആരംഭിച്ച് പത്ത് മിനുട്ടിന് ശേഷമാണ് ഫോണ്‍കോള്‍ വന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനി പറഞ്ഞു. ഭീകരപ്രവര്‍ത്തനമാണ് ഇസ്രയേലിന്റെത്. ആക്രമണത്തില്‍ തങ്ങളുടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍, പ്രധാന ചര്‍ച്ചാ സംഘം രക്ഷപ്പെട്ടെന്നും ഹമാസ് പറയുന്നു.