നവംബറില്‍ ട്രംപ് ഇന്ത്യയിലേക്ക്. ക്വാഡ് ഉച്ചകോടി ചര്‍ച്ചകള്‍ക്ക് വഴിത്തിരിവാകുമോ?

നവംബറില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നിയുക്ത യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ സൂചന നല്‍കി. ഇതോടെ ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായി.
അമേരിക്കന്‍ സെനറ്റ് വിദേശകാര്യ സമിതിക്ക് മുന്നിലാണ് ഗോര്‍ ഈ പരാമര്‍ശം നടത്തിയത്. ക്വാഡ് നേതാക്കന്മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും കൂട്ടായ്മയില്‍ ഇന്ത്യയുടെ സ്ഥാനം പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാന്‍ രൂപീകരിച്ച ഒന്നാണ്. എന്നാല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന വന്നതെന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
അതേസമയം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണമെന്ന നിലപാടാണ് ഗോര്‍ ഉയര്‍ത്തിയത്. ഇത് റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്കെതിരെ നിലകൊള്ളാന്‍ ഇന്ത്യയെ പ്രേരിപ്പിക്കാനുള്ള അമേരിക്കയുടെ നയത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.