യുഎസ് 600,000 ചൈനീസ് വിദ്യാർഥികളെ സ്വാഗതം ചെയ്യുമെന്നു ട്രംപിന്റെ പ്രഖ്യാപനം

 
Donald trump

ആറു ലക്ഷം ചൈനീസ് വിദ്യാർഥികൾക്കു യുഎസിൽ പ്രവേശനം അനുവദിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചു. "അതു വളരെ പ്രധാനമാണ്," അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാർഥികൾ ചൈനക്കാരേക്കാൾ കൂടുതൽ എത്തിയിരിക്കുമ്പോഴാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.

ഇന്ത്യക്കെതിരായ അധിക തീരുവ ബുധനാഴ്ച്ച നടപ്പാകാനിരിക്കെ ചൈനയുമായി വ്യാപാര കരാർ ചർച്ച തുടരുകയാണ്. "നമ്മൾ അവരുടെ കുട്ടികൾക്കു പ്രവേശനം നൽകില്ലെന്ന് ഒട്ടേറെ കഥകൾ ഞാൻ കേൾക്കുന്നുണ്ട്. നമ്മൾ കൂടുതൽ വിദ്യാർഥികളെ അനുവദിക്കാൻ പോകുന്നു. അത് സുപ്രധാനമാണ്. 600,000 വിദ്യാർഥികൾ."

ചൈനയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുമെന്ന് ട്രംപ് ഉറപ്പു പറഞ്ഞു. "ഞാൻ ചൈനയിലേക്കു വരണമെന്ന് പ്രസിഡന്റ് ഷി ആഗ്രഹിക്കുന്നു. ഇത് അതിപ്രധാന ബന്ധമാണ്. നമ്മൾ ചൈനയിൽ നിന്ന് തീരുവയും മറ്റുമായി ഒട്ടേറെ പണം വാങ്ങുന്നുണ്ട്. ഇതൊരു സുപ്രധാന ബന്ധമാണ്. നമ്മൾ ചൈനയുമായി നല്ല ബന്ധം മുന്നോട്ടു കൊണ്ടുപോകും. ബൈഡനു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഏറെ മെച്ചപ്പെട്ട ബന്ധമാണ് നമുക്കിപ്പോൾ അവരുമായി ഉള്ളത്."

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ ചൈനീസ് വംശജരുടെ വിസകൾ ഊർജിതമായി റദ്ദാക്കുമെന്നു മേയിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞിരുന്നു. മാഗ്നെറ് ഇറക്കുമതിയിൽ ചൈനയ്ക്കു 200% വരെ തീരുവ അടിക്കുമെന്ന റിപ്പോർട്ടുകൾ ട്രംപ് ശരി വച്ചിട്ടുമുണ്ട്. അതേ സമയം, വ്യാപാര ചർച്ചകൾ തുടരുകയാണ്. ഇന്ത്യയുമായുള്ള ചർച്ചകളാവട്ടെ, നിർത്തി വച്ചിരിക്കുന്നു.  

Tags

Share this story

From Around the Web