ഭോഗാസക്തിയല്ല, ദൈവവുമായുള്ള ബന്ധമാണ് യഥാര്‍ഥ സംതൃപ്തി നല്‍കുന്നത്: ലെയോ മാര്‍പാപ്പ

 
Leo papa



ഉപഭോഗ സംസ്‌കാരം മനുഷ്യരില്‍ തുടര്‍ച്ചയായ ആഗ്രഹങ്ങള്‍ സൃഷ്ടിച്ച് ശാശ്വതമായ സംതൃപ്തി നല്‍കാന്‍ കഴിയാത്ത പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് മനുഷ്യഹൃദയത്തെ ദോഷകരമായി ബാധിക്കുകയാണെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. കാസില്‍ ഗാന്‍ഡോള്‍ഫോയില്‍ വേനല്‍ക്കാല വിശ്രമത്തിനിടെ ജൂലൈ 26 ഞായറാഴ്ച നടത്തിയ ആഞ്ചലൂസ് പ്രാര്‍ഥനാ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്.

സുവിശേഷത്തിലെ 'ഒളിച്ചുവച്ച നിധി'യുടെയും 'വിലയേറിയ മുത്തിന്റെ'യും ഉപമകളെപ്പറ്റി സംസാരിച്ചുകൊണ്ട് ദൈവരാജ്യം കണ്ടെത്തുന്നത് ജീവിതത്തിലെ സാധ്യതകളെ നിയന്ത്രിക്കുകയല്ല മറിച്ച് വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് പാപ്പ പറഞ്ഞു. സാധാരണക്കാരായ കര്‍ഷകര്‍, മീന്‍പിടുത്തക്കാര്‍, വ്യാപാരികള്‍, വീട്ടമ്മമാര്‍ എന്നിവരിലൂടെയാണ് യേശു ദൈവരാജ്യം വെളിപ്പെടുത്തിയത്. അതുപോലെ വ്യത്യസ്ത പശ്ചാത്തലങ്ങളുള്ള ആളുകളെ യേശുക്രിസ്തുവില്‍ ഒന്നിപ്പിക്കുന്ന ഇടമാണ് ഇന്നത്തെ സഭയെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

യഥാര്‍ഥ നിധിയായ ദൈവവുമായുള്ള വ്യക്തിബന്ധം തിരിച്ചറിയാന്‍ സോളമന്‍ രാജാവിനെപ്പോലെ വിവേകത്തിന്റെ വരം ചോദിച്ച് പ്രാര്‍ഥിക്കാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവം ആരോടും വിവേചനം കാണിക്കുന്നില്ലെന്നും സമൂഹത്തില്‍ ചെറിയവരും അവഗണിക്കപ്പെട്ടവരുമായ ആളുകളോടാണ് ദൈവത്തിന് പ്രത്യേക സ്‌നേഹമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
 

Tags

Share this story

From Around the Web