സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്നാണ് യഥാർത്ഥ സമാധാനം ആരംഭിക്കുന്നത്: ലെയോ പതിനാലാമൻ പാപ്പ

 
23333

വത്തിക്കാന്‍ സിറ്റി: സമാധാനം ഒരു സിദ്ധാന്തമോ വെറും മിഥ്യയോ അല്ലെന്നും, നീതിയിലും സ്നേഹത്തിലും അധിഷ്ഠിതമായ ദൈനംദിന പ്രതിബദ്ധതയാണെന്നും സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്നാണ് യഥാർത്ഥ സമാധാനം ആരംഭിക്കുന്നതെന്നും ലെയോ പാപ്പ. വത്തിക്കാനിൽ നടന്ന ആഗോള സമാധാനത്തിനു വേണ്ടിയുള്ള ജപമാല പ്രാർത്ഥനയ്ക്ക് ശേഷം സമാപന സന്ദേശം നല്‍കുകയായിരിന്നു പാപ്പ.

ലക്ഷക്കണക്കിന് വിശ്വാസികളും ഇരുന്നൂറിലധികം മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും പങ്കുചേർന്ന ഈ സമാധാന പ്രാർത്ഥനായജ്ഞത്തിന്റെ സമാപനത്തിൽ നൽകിയ സന്ദേശത്തിൽ സംഘർഷഭരിതമായ ഈ ലോകത്ത് ഇനിയും സമാധാനം സാധ്യമാണെന്നു പാപ്പ ഓര്‍മ്മിപ്പിച്ചു.

മെയ് 30ന് വൈകുന്നേരം 7 മണിക്ക് വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടയിലാണ് പാപ്പ ജപമാല പ്രാത്ഥനയ്ക്ക് നേതൃത്വം നൽകിയത്. ലക്ഷക്കണക്കിന് വിശ്വാസികളും ഇരുന്നൂറിലധികം മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും പങ്കുചേർന്ന പരിപാടിയായിരിന്നു ഇത്. ആഗോളസമാധാനമെന്ന ലക്ഷ്യത്തോടെയായിരുന്നു, പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഇത്തരമൊരു പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കപ്പെട്ടത്.

ദൈവവചനം ശ്രവിക്കുകയും അനുസരിക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയത്തെ വിശ്വാസിയുടെ മാതൃകയായി വിശേഷിപ്പിച്ച പരിശുദ്ധ പിതാവ്, ജപമാലയിലെ ദിവ്യരഹസ്യങ്ങളുടെ ധ്യാനത്തിലൂടെ യേശുവാകുന്ന സമാധാനത്തെ കണ്ടെത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി.

നിരപരാധികളായ കുട്ടികൾ, ദുരിതമനുഭവിക്കുന്ന മാതാപിതാക്കൾ, അഭയാർത്ഥികൾ, പീഡനത്തിനിരയായ തടവുകാർ എന്നിവരുടെ നിലവിളി ലോകം അവഗണിക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പ, അധികാരമോഹവും വാക്കുകളിലെ അക്രമവും അവസാനിപ്പിച്ച് നീതിക്കും സത്യത്തിനും പ്രാധാന്യം നൽകേണ്ട സമയമാണിതെന്ന് മുന്നറിയിപ്പ് നൽകി.

സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്നാണ് യഥാർത്ഥ സമാധാനം ആരംഭിക്കുന്നതെന്നും, അനുരഞ്ജനത്തിന്റെ വാക്കുകൾ സംസാരിക്കുകയും ലോകത്തെ സൗമ്യതയോടും ജ്ഞാനത്തോടും കൂടി കാണുകയും ചെയ്യുമ്പോൾ, സമാധാനം വളരുമെന്നും പാപ്പ തന്റെ സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.

ദൈനംദിന ജീവിതത്തിലും സാമൂഹ്യമാധ്യമങ്ങളിലും അക്രമരഹിതമായ സമീപനം സ്വീകരിക്കുന്നത് സമാധാനത്തിലേക്കുള്ള ആദ്യപടിയാണെന്നും ലെയോ പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ദൈവം സമാധാനപ്രവർത്തകരെ അന്വേഷിക്കുകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പ, വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും ‘ഇതാ ഞാൻ’ എന്ന് ദൈവത്തോട് ഓരോ ദിവസവും പ്രത്യുത്തരം നല്കാൻ പരിശുദ്ധ മറിയം ഏവരെയും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web