മാനവിക സാഹോദര്യം വളര്‍ത്തിയെടുക്കുന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവ ആധ്യാത്മികത: കര്‍ദിനാള്‍ കൂവക്കാട്

വത്തിക്കാന്‍:മതസൗഹാര്‍ദ്ദ സംഭാഷണങ്ങള്‍ ഒരിക്കലും രാഷ്ട്രീയ പ്രേരിതമല്ലായെന്നും മറിച്ച് മാനവികോന്മുഖമാണെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ബംഗ്ലാദേശിലെ അപ്പസ്‌തോലിക ന്യൂണ്‍ഷിയേച്ചറും ദേശീയ മെത്രാന്‍ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഐക്യത്തിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കല്‍' എന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചത്.
ബംഗ്ലാദേശില്‍, വിവിധ ഇടങ്ങളിലായി സെപ്റ്റംബര്‍ മാസം 6 മുതല്‍ 12 വരെയാണ് 'ഐക്യത്തിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കല്‍' എന്ന മതസൗഹാര്‍ദ്ദ പ്രോത്സാഹന പരിപാടികള്‍ നടക്കുന്നത്.
സെപ്റ്റംബര്‍ ആറാം തീയതി നടന്ന സമ്മേളനത്തില്‍, ബംഗ്ലാദേശിന്റെ മുഖ്യ ന്യായാധിപന്‍ സയ്യീദ് രെഫാത്ത് അഹമ്മദും സന്നിഹിതനായിരുന്നു.
കര്‍ദിനാള്‍ തന്റെ പ്രഭാഷണത്തിന്റെ ആമുഖത്തില്‍, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രത്യേകമായ ആശംസകള്‍ അറിയിക്കുകയും, ഈ അവസരം ഒരുക്കിയ എല്ലാവരോടുമുള്ള തന്റെ അകൈതവമായ നന്ദി അറിയിക്കുകയും ചെയ്തു.
തന്റെ സന്ദേശത്തില്‍, സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കര്‍ദിനാള്‍ അടിവരയിട്ടു പറഞ്ഞു. ആളുകള്‍ക്കിടയില്‍ ആഴത്തിലുള്ള ഐക്യം കൊണ്ടുവരുവാന്‍, സംഭാഷണങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞ അദ്ദേഹം, വിവേകം തേടുന്ന വിശ്വാസവും, ഏകസ്രഷ്ടാവെന്ന പരമാര്‍ത്ഥം പങ്കുവയ്ക്കുന്നതും അടിസ്ഥാനമാണെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് താന്‍ വളര്‍ന്ന ഭാരതസംസ്‌കാരം, ബഹുമത കൂട്ടായ്മയുടെ ഭംഗി തിരിച്ചറിയുവാന്‍ തന്നെ ഏറെ സഹായിക്കുന്നുണ്ടെന്നും പറഞ്ഞു.
യാതൊരു വ്യത്യാസങ്ങളും കണക്കിലെടുക്കാതെ, എല്ലാവരുടെയും മാനുഷിക അന്തസ്സിനെ തിരിച്ചറിയുവാനുള്ള, ആഹ്വാനം, ഫ്രാന്‍സിസ് പാപ്പാ തന്റെ ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തിയില്‍ കുറിച്ചിരിക്കുന്നത് കര്‍ദിനാള്‍ എടുത്തു പറഞ്ഞു.
ദൈവിക പ്രതിച്ഛായയില്‍ നമ്മുടെ മാനവികതയുടെ അന്തര്‍ലീനമായ ഒന്നാണ് അന്തസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവാഴ്ചയുടെ ധാര്‍മ്മിക അടിത്തറയും മനുഷ്യന്റെ അന്തസ്സില്‍ വേരൂന്നിയതാണെന്നും, ഫ്രാന്‍സിസ് പാപ്പായെ ഉദ്ധരിച്ചുകൊണ്ട് കര്‍ദിനാള്‍ പറഞ്ഞു.
ജനാധിപത്യ ഭരണത്തിനും പുതിയ ഭരണഘടനയ്ക്കും വേണ്ടിയുള്ള ബംഗ്ലാദേശ് രാഷ്ട്രത്തിന്റെ പുതിയ അന്വേഷണം ഇപ്പോള്‍ വളരെ നിര്‍ണായകമാണെന്നും, അതിനാല്‍ നിയമത്തിന് മുന്നില്‍ എല്ലാ ആളുകളെയും തുല്യമായി പരിഗണിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനും, അവരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുവാനും, പൊതുനന്മ ഉയര്‍ത്തിപ്പിടിക്കാന്‍ പൗരന്മാര്‍ എന്ന നിലയില്‍ അവരുടെ കടമകള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുവാനും, ഫ്രത്തെല്ലി തൂത്തിയുടെ വെളിച്ചത്തില്‍ കര്‍ദിനാള്‍ ഉദ്ബോധിപ്പിച്ചു.
തുടര്‍ന്ന് 1965 ഒക്ടോബര്‍ 28-ന് പ്രസിദ്ധീകരിച്ച നോസ്ട്ര അയെത്താത്തെ എന്ന വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖയിലെ, പ്രസക്ത ഭാഗങ്ങളും കര്‍ദിനാള്‍ തന്റെ പ്രഭാഷണത്തില്‍ ഓര്‍മ്മപ്പെടുത്തി.
സമൂഹത്തിന്റെ ഒരു മാതൃകാപരമായ മാറ്റത്തിനായി കത്തോലിക്കാ സഭ മുന്‍പോട്ടു വച്ച ആശയങ്ങള്‍, എക്കാലവും പ്രാധാന്യമര്‍ഹിച്ചിരുന്നുവെന്നു അദ്ദേഹം അടിവരയിട്ടു.
ആഗോളവല്‍കൃത ലോകത്ത്, നമ്മുടെ അയല്‍ക്കാരനില്‍ ദൈവത്തെ കണ്ടെത്തുന്നതിലൂടെ നാം ദൈവത്തെ അന്വേഷിക്കുന്നുവെന്നും,എന്നാല്‍ അപരനില്‍ ദൈവത്തെ. കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍, ഏക സ്രഷ്ടാവായ ദൈവവത്തോട് യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയില്ലെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.
2019 ല്‍ അബുദാബിയില്‍ ഫ്രാന്‍സിസ് പാപ്പാ അല്‍-അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം അഹ്‌മദ് അല്‍-തയ്യിബുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, അവര്‍ ഒരുമിച്ച് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രശസ്തമായ ഒരു രേഖയില്‍ ഒപ്പുവച്ചു പ്രഖ്യാപനം നടത്തിയതും കര്‍ദിനാള്‍ കൂവക്കാട് എടുത്തുപറഞ്ഞു.
വിശ്വാസികളും അവിശ്വാസികളുമായ മനുഷ്യകുലത്തിലെ സകലര്‍ക്കുമിടയില്‍, അനുരഞ്ജനത്തിനും, സാഹോദര്യത്തിനുമുള്ള ക്ഷണമായിരുന്നു ആ പ്രഖ്യാപനമെന്നും, അത് ആക്രമണങ്ങളെയും, തീവ്രവാദത്തെയും നിരാകരിക്കുവാനുള്ള, മനുഷ്യ മനഃസാക്ഷിയോടുള്ള അഭ്യര്‍ത്ഥന കൂടിയാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
ലിയോ പതിനാലാമന്‍ പാപ്പായുടെ നാമത്തില്‍ സഹോദരീസഹോദരന്മാര്‍ക്കിടയില്‍ ഐക്യത്തിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി സമാധാനത്തിന്റെ വക്താവായിട്ടാണ് താന്‍ വന്നിരിക്കുന്നതെന്നും, അതിനാല്‍ മതാന്തര സംഭാഷണം, സംഭാഷണങ്ങളുടെയും, കൂടിക്കാഴ്ചകളുടെയും വേദിയായി ഭവിക്കട്ടെയെന്നും എടുത്തു പറഞ്ഞു.
കത്തോലിക്കാ സഭ സ്വഭാവത്താലേ പ്രേഷിതയാണെന്നും, സംഭാഷണങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് , പാലങ്ങള്‍ പണിയുന്നതിനും, ഏവരെയും സ്വാഗതം ചെയ്യുവാനും എപ്പോഴും സന്നദ്ധയാണ് സഭയെന്നും കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് തന്റെ പ്രഭാഷണത്തില്‍ ചൂണ്ടികാണിച്ചു.