അജിത്തിന്റെ റേസിങ് വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; മുഖ്യമന്ത്രിയ്ക്ക് വ്യക്തിപരമായ ആവശ്യങ്ങളില്‍ ശ്രദ്ധ, മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്രയില്‍ തമിഴ്നാട്ടില്‍ വിവാദം

 
cm vijay


ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നാല് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. ലണ്ടനില്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും നിക്ഷേപ അവസരങ്ങള്‍ ആകര്‍ഷിക്കാനും പോയ മുഖ്യമന്ത്രി വ്യക്തിപരമായ ആവശ്യങ്ങളിലാണ് ശ്രദ്ധ കൊടുക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 

സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടന്ന നടന്‍ അജിത്തിന്റെ 'ലെ മാന്‍സ് കപ്പ്' മത്സരത്തില്‍ മുഖ്യമന്ത്രി വിജയ് നടി തൃഷയ്‌ക്കൊപ്പം പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങളുയര്‍ത്തിയത്.


വിജയ്യുടെ യാത്രയുടെ ഉദ്ദേശ്യവും ഏതൊക്കെ നിക്ഷേപങ്ങളാണ് സംസ്ഥാനത്തിനായി പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസാമി രംഗത്തെത്തി.

 മുഖ്യമന്ത്രിയായി ചുമതലയേറ്റ് 100 ദിവസത്തിനകം വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള വിജയ്യുടെ തീരുമാനത്തെ പളനിസാമി ആദ്യം സ്വാഗതംചെയ്തിരുന്നു. എന്നാല്‍, സില്‍വര്‍‌സ്റ്റോണിലെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ 'മാധ്യമങ്ങളിലെ ചിത്രം വ്യത്യസ്തമാണ്, അദ്ദേഹം നിക്ഷേപം ആകര്‍ഷിക്കുന്നത് എങ്ങനെയെന്ന് നോക്കൂ' എന്ന് പളനിസാമി പരിഹസിച്ചു.


വിജയ്യുടെ ലണ്ടന്‍ സന്ദര്‍ശനം ഭരണതലത്തിലുള്ളതാണോ അതോ സ്വകാര്യ യാത്രയാണോ എന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി. നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ ആവശ്യപ്പെട്ടു. യാത്രയ്ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്നും കൂടെ യാത്രചെയ്തവര്‍ ആരെല്ലാമാണെന്നും അദ്ദേഹം ചോദിച്ചു.


നാല് ദിവസത്തെ യാത്രയില്‍ എത്ര യോഗങ്ങള്‍ നടത്താനായെന്നും എന്തൊക്കെ നിക്ഷേപ വാഗ്ദാനങ്ങളാണ് ഇതുവരെ ലഭിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

 വ്യവസായ മന്ത്രിയോ സെക്രട്ടറിയോ മുഖ്യമന്ത്രിയോടൊപ്പം ലണ്ടനില്‍ പോയിട്ടില്ലെന്നും ഔദ്യോഗിക യാത്രാസമയക്രമം പ്രഖ്യാപിച്ചിരുന്നില്ലെന്നും ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവനും ചൂണ്ടിക്കാട്ടി.

അതിനിടെ, തമിഴ്നാട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള 'മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റി' പദ്ധതിയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ട് സന്ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്യൂട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം വിലയിരുത്തിയതായാണ് വിവരം. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് മുഖ്യമന്ത്രിയോ ടി.വി.കെ.യോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags

Share this story

From Around the Web