വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് തൃഷ, മാതാപിതാക്കൾക്കൊപ്പം മുൻനിരയിൽ ഇരിപ്പിടം
ചെന്നൈ: നടനും ടി.വി.കെ നേതാവുമായ വിജയ് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സിനിമാതാരവും സുഹൃത്തുമായ തൃഷയും പങ്കെടുത്തു. ചെന്നൈയിലെ സെന്റ് ജോർജ് കോട്ടയിലായിരുന്നു മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നത്. ദേശീയ പതാക ഉയർത്തിയ ശേഷം അദ്ദേഹം പരേഡിനെ അഭിവാദ്യം ചെയ്യുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.
പരിപാടിയിൽ വിജയിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. വിശിഷ്ടാതിഥികൾക്കുള്ള മുൻനിരയിലാണ് വിജയിയുടെ മാതാപിതാക്കൾ ഇരുന്നിരുന്നത്. ചടങ്ങിൽ പങ്കെടുകാൻ എത്തിയ തൃഷ, വിജയിയുടെ മാതാപിതാക്കളെ അഭിവാദ്യം ചെയ്ത ശേഷം വിജയിയുടെ അച്ഛന്റെ വലതുവശത്തായാണ് ഇരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തമിഴ്‌നാടിനെ അഴിമതിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള മിഷൻ മോഡിലാണ് ടി.വി.കെ സർക്കാർ എന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ വിജയ് വ്യക്തമാക്കി. ഇതിനായി ജനങ്ങളും ഉദ്യോഗസ്ഥരും പരസ്പരം സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.