കട്ടപ്പനയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു; മാതാപിതാക്കള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
 

 
Baby


 
ഇടുക്കി: കട്ടപ്പനയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അസം സ്വദേശികളായ പ്രദീപ് ദാസ് (26) ഭാര്യ ശിമദാസ് (28) ഇടനിലക്കാരനായ ജാഡു ഗോഗി (39) എന്നിവരാണ് പിടിയിലായത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ 2.5 ലക്ഷം രൂപയ്ക്കാണ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.


കട്ടപ്പന വില്ലേജ് ഓഫീസിന് സമീപം വച്ച് കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്ന് കട്ടപ്പന പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇടുക്കി കഞ്ഞിക്കുഴിയില്‍ ജോലി ചെയ്തുവരികയായിരുന്നു അസം സ്വദേശികളായ ദമ്പതികള്‍. ഇവരുടെ മറ്റു രണ്ട് കുട്ടികള്‍ അസമില്‍ സഹോദരിയുടെ സംരക്ഷണയിലാണ്.

Tags

Share this story

From Around the Web