ലെയോ മാർപാപ്പയോടുള്ള ആദരവ്; കാസിൽ ഗാൻഡോൾഫോയിൽ നാളെ വിസ്മയ സംഗീതസന്ധ്യ ഒരുങ്ങുന്നു

 
33333

ലെയോ പതിനാലാമൻ മാർപാപ്പയോടുള്ള ആദരസൂചകമായി അൽബാനോ രൂപതയുടെ നേതൃത്വത്തിൽ ജൂലൈ 18 ശനിയാഴ്ച കാസിൽ ഗാൻഡോൾഫോയിലെ ചരിത്രപ്രസിദ്ധമായ അപ്പസ്തോലിക് കൊട്ടാരത്തിൽ വച്ച് പ്രൗഢഗംഭീരമായ സംഗീതക്കച്ചേരി സംഘടിപ്പിക്കുന്നു. മാർപാപ്പയുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ് നടക്കുക. പാഗനിനി, ബെല്ലിനി എന്നിവരുടെ പ്രശസ്തമായ സംഗീതസൃഷ്ടികളാണ് ചടങ്ങിൽ അവതരിപ്പിക്കുന്നത്.

ശനിയാഴ്ച രാത്രി ഒൻപതു മണിക്ക് കൊട്ടാരത്തിന്റെ മുറ്റത്ത് ആരംഭിക്കുന്ന ഈ സംഗീതസന്ധ്യ, പരിശുദ്ധ പിതാവിനോടുള്ള സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമായാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം പൂർണ്ണമായും പാസ്സുകൾ വഴിയായി നിജപ്പെടുത്തിയ ഈ സംഗീതക്കച്ചേരിയിൽ, അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ വയലിനിസ്റ്റ് മാർക്കോ റോഗ്ലിയാനോയുടെ വയലിൻ വായനയോടെയാണ് തുടക്കമാകുന്നത്. നിക്കോളോ പാഗനിനിയുടെ പ്രശസ്തമായ ‘ലാ പൊളാക്ക’ (La Polacca) ആണ് അദ്ദേഹം അവതരിപ്പിക്കുക.

തുടർന്ന്, പ്രശസ്ത പിയാനിസ്റ്റ് റോസാന ടൊമാസി ഗോൽക്കർ പിയാനോ വായിക്കും. ഓസ്കാർ അവാർഡ് ജേതാവായ സംഗീതസംവിധായകൻ ലൂയിസ് ബക്കലോവ്, വിൻസെൻസോ ബെല്ലിനിയുടെ മാസ്റ്റർപീസിനെ അടിസ്ഥാനമാക്കി റോസാനയ്ക്കു  വേണ്ടി മാത്രം പ്രത്യേകം തയ്യാറാക്കിയ ‘നോർമ: ആൻ ഇമ്മെൻസ് ലവ് സ്റ്റോറി – ഫ്രീ ഫാന്റസി ആൻഡ് വേരിയേഷൻസ് ഫോർ പിയാനോ ആൻഡ് ഓർക്കസ്ട്ര’ എന്ന പുതിയ സംഗീതവിരുന്ന് അവതരിപ്പിക്കും.

2006 മുതൽ ബ്രെഷ്യ, ബെർഗാമോ ഇന്റർനാഷണൽ പിയാനോ ഫെസ്റ്റിവലിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും ബ്രെഷ്യയിലെ ലൂക്ക മാരെൻസിയോ കൺസർവേറ്ററിയിൽ ഓർക്കസ്ട്ര കണ്ടക്ടിംഗ് പ്രൊഫസറുമായ പിയർ കാർലോ ഒറിസിയോ നയിക്കുന്ന, 55 അംഗങ്ങളുള്ള ‘ഐ മുസിചി ഡി പാർമ’ (I Musici di Parma) ഓർക്കസ്ട്രയാണ് സോളോയിസ്റ്റുകൾക്ക് അകമ്പടി സേവിക്കുക.

ബെല്ലിനിയുടെ കൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ഈ അവതരണത്തോടൊപ്പം, ഓപ്പറയിലെ പ്രധാന നിമിഷങ്ങൾ വ്യക്തമാക്കുന്ന ഒരു ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും. ഫാബ്രിനി കളക്ഷനിൽ നിന്നുള്ള പ്രശസ്തമായ ‘ബെക്ക്സ്റ്റൈൻ ഗ്രാൻഡ് പിയാനോ’ (Bechstein grand piano) ആണ് കച്ചേരിക്ക് ഉപയോഗിക്കുന്നത്.

“പരിശുദ്ധ പിതാവിന്റെ ഞങ്ങളുടെ രൂപതാ അതിർത്തിയിലേക്കുള്ള വീണ്ടുമുള്ള വരവ് പ്രാദേശിക സഭയിലും ജനങ്ങളിലും വലിയ സന്തോഷമാണ് നിറച്ചിരിക്കുന്നത്” – അൽബാനോ ബിഷപ്പ് വിൻസെൻസോ വിവ പറഞ്ഞു.

Tags

Share this story

From Around the Web