തങ്ങളുടെ മുന്‍ ബിഷപ്പിന് ആദരം; ലെയോ പാപ്പയുടെ 14 മീറ്റര്‍ ഉയരമുള്ള പടുകൂറ്റന്‍ പ്രതിമയുമായി പെറു
ലിമ: എട്ടു വര്‍ഷക്കാലം പെറുവിലെ ചിക്ലായോ ബിഷപ്പായും 2020 മുതല്‍ 2021 വരെ കല്ലാവോയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും സേവനം ചെയ്ത ബിഷപ്പ് റോബര്‍ട്ട് പ്രിവോസ്റ്റ് (ലെയോ പാപ്പ) ആഗോള സഭയുടെ തലവനായ പശ്ചാത്തലത്തില്‍ പടുകൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്തു.
പ്രശസ്ത ശില്‍പികളായ ഡെയ്വി വോങ് അരാന, റാഫേല്‍ ഗുട്ടറസ് ക്വിസ്പെ എന്നിവരുടെ നേതൃത്വത്തില്‍ 14 മീറ്റര്‍ (45 അടി) ഉയരത്തിലാണ് ലെയോ പാപ്പയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മാര്‍പാപ്പയുടെ പെറു സന്ദര്‍ശനത്തിന് മുന്നോടിയായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ആയിരങ്ങളെ സാക്ഷിയാക്കിയാണ് പ്രതിമ അനാവരണം ചെയ്തത്.
പെറുവില്‍ ഒരു മാര്‍പാപ്പയ്ക്കായി നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. 2 മീറ്റര്‍ (6 അടി) ഉയരമുള്ള പീഠത്തിന് മുകളിലായി 12 മീറ്റര്‍ ഉയരത്തിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
മാര്‍ബിളിന് സമാനമായ ഫിനിഷിംഗുള്ള പ്രതിമ, ലോഹ ചട്ടക്കൂടില്‍ പോളിയുറീന്‍ ഫോം, ഫൈബര്‍ഗ്ലാസ്, പോളിസ്റ്റര്‍ റെസിന്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. കല്ലാവോ മേയര്‍ സീസര്‍ പെരസ് അനാച്ഛാദന ചടങ്ങിന് നേതൃത്വം നല്‍കി.
കല്ലാവോ ബിഷപ്പ് ലൂയിസ് ആല്‍ബെര്‍ട്ടോ ബരേര പച്ചെക്കോ, പെറുവിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഡെപ്യൂട്ടി സെക്രട്ടറി മോണ്‍സിഞ്ഞോര്‍ ഗില്ലെര്‍മോ ഇങ്ക പെരേഡ, പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കിയ കാജ ഹുവാന്‍കായോ പ്രസിഡന്റ് ജോര്‍ജ്ജ് ഗില്ലെര്‍മോ സോളിസ് എസ്പിനോസ, നിയുക്ത ഗവര്‍ണര്‍ പെഡ്രോ സ്പദാരോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.