സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ അതിക്രമിച്ച് കയറി'; സിജെപി നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

 
cjp


 
ന്യൂഡല്‍ഹി: സിജെപി നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രജൗരി ഗാര്‍ഡനിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ സിജെപി നേതാക്കള്‍ അതിക്രമിച്ച് കയറിയെന്നാണ് നോട്ടീസില്‍ പറയുന്നത്. ജന്തര്‍ മന്തറിലെ മിന്നല്‍ സമരത്തിന് മുന്നോടിയായി, സിജെപി നേതാക്കള്‍ മറ്റു 11 പ്രവര്‍ത്തകര്‍ക്കൊപ്പം സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലേക്ക് അതിക്രമിച്ചു കയറി. ഇത്തരത്തില്‍ അതിക്രമിച്ചു കയറിയ സ്ഥലങ്ങളിലൂടെയാണ് സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറിലേക്ക് എത്തിയതെന്നും പൊലീസ് പറയുന്നു.


അതേസമയം മിന്നല്‍ സമരത്തെ തുടര്‍ന്ന് കസ്റ്റഡിയിലായ അശുതോഷ് റാങ്കയും സൗരവ് ദാസും ഇന്നലെ ജയില്‍ മോചിതരായിരുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.

വിലക്ക് നിലനില്‍ക്കുന്നിടത്തോളം ജന്തര്‍ മന്തറില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യില്ലെന്ന് സിജെപി വക്താക്കള്‍ എഴുതി നല്‍കുകയായിരുന്നു. ജാമ്യത്തിനായി സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.

50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ക്രോക്രോച്ച് ജനതാ പാര്‍ട്ടി പ്രതികരിച്ചു. സത്യം ജയിച്ചു എന്ന് സൗരവ് ദാസും പ്രതികരിച്ചിരുന്നു.

ഒക്ടോബര്‍ 13നാണ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കാനുള്ള ഇടങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിനെ ഒഴിവാക്കിയതിനെതിരെ സിജെപി നടത്തിയ മിന്നല്‍ സമരത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്.

വന്‍ തടസ്സങ്ങള്‍ തീര്‍ത്ത് കെട്ടിയടച്ച ജന്തര്‍ മന്തറിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന ഇരുവരും സിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധിക്കുകയായിരുന്നു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ നേതാക്കളെ മന്ദിര്‍ മാര്‍ഗിലെ സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ 14 മുതല്‍ ഇരുവരും കസ്റ്റഡിയിലായിരുന്നു.

ഇവരോടൊപ്പം അറസ്റ്റിലായ അജിങ്ക്യ ഷിന്‍ഡേക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതിക്രമിച്ചുകടക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍, സമാധാന ബോണ്ട് ലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

നേരത്തെ, അഭിജീത് ദീപ്കെക്കൊപ്പം വിമാനത്തില്‍ വെച്ച് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഉപാധികളോടെ വിട്ടയക്കുകയായിരുന്നു.

Tags

Share this story

From Around the Web