ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര; ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്താന്‍ സ്വന്തം വസ്ത്രം വലിച്ചുകീറി യുവതി
ലഖ്‌നൌ: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്താന്‍ സ്വന്തം വസ്ത്രം വലിച്ചുകീറി യുവതി. ഉത്തര്‍പ്രദേശിലെ ദാനാപൂരില്‍ നിന്ന് പ്രയാഗ്രാജിലേക്കുള്ള ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതിയാണ് ടിടിഇയുമായുണ്ടായ തര്‍ക്കത്തിനിടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയത്. ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ ഇത് ഫോണില്‍ പകര്‍ത്തുകയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
സെപ്റ്റംബര്‍ 17 ന് ദാനാപൂര്‍-സെക്കന്തരാബാദ് എക്‌സ്പ്രസില്‍ ദനാപൂരിനും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനും ഇടയില്‍ വച്ചാണ് സംഭവം. സെക്കന്‍ഡ് എസി കോച്ചില്‍ പരിശോധന നടത്തുകയായിരുന്ന റെയില്‍വേ ജീവനക്കാര്‍ കുഞ്ഞുമായി യാത്ര ചെയ്തിരുന്ന യുവതിയോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ ടിക്കറ്റ് കാണിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എസി കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പിന്നീട് തേര്‍ഡ് എസി കോച്ചിലേക്ക് മാറി ഇരുന്നു.
ടിടിഇ തേര്‍ഡ് എസിയില്‍ എത്തി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ടിക്കറ്റെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. എതിര്‍വശത്തിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയില്‍, താന്‍ പണം നല്‍കാന്‍ തയ്യാറാണെന്ന് യുവതി പറയുന്നതും എന്നാല്‍ സാധുവായ ടിക്കറ്റ് വേണമെന്ന് ടിടിഇ ആവശ്യപ്പെടുന്നതും കാണാം. തുടര്‍ന്ന് ടിടിഇയെ കേസില്‍ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.
തര്‍ക്കത്തിനിടെ തന്റെ സഹോദരന്‍ ടിടിഇ ആണെന്ന് അവകാശപ്പെട്ട യുവതി, ഫോണില്‍ റെയില്‍വേ പൊലീസ് ഹെല്‍പ്ലൈന്‍ നമ്പര്‍ തിരയുകയും ടിടിഇയെ കേസില്‍ കുടുക്കുമെന്ന് മറ്റ് യാത്രക്കാരോട് പറയുകയും ചെയ്തു. തുടര്‍ന്ന് സ്വന്തം വസ്ത്രങ്ങള്‍ വലിചുകീറി ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ടിടിഇമാര്‍ വിവരം റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈകിട്ട് 4 മണിയോടെ ട്രെയിന്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജങ്ഷനില്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് വനിതാ ടീം സ്ഥലത്തെത്തി യുവതിയെ ചോദ്യം ചെയ്തു.
എതിര്‍വശത്തിരുന്ന യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതോടെയാണ് യുവതി സ്വയം വസ്ത്രം കീറുന്നതടക്കമുള്ള നാടകത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. വീഡിയോ പകര്‍ത്തിയത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അത് വലിയ തെളിവായി മാറിയെന്നും ടിടിഇ എസ്.കെ. വര്‍മ പറഞ്ഞു.
പ്രയാഗ്രാജ് സ്വദേശിയായ രാധിക തിവാരി എന്ന യുവതിയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതെന്ന് റെയില്‍വേ പിആര്‍ഒ വിശ്വനാഥ് സ്ഥിരീകരിച്ചു. ജീവനക്കാര്‍ യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും റെയില്‍വേ നിയമപ്രകാരം പിഴ ഈടാക്കി പുതിയ ടിക്കറ്റ് നല്‍കിയ ശേഷം ഇവരെ പോകാന്‍ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.