യുപിഐ വഴി 2000 രൂപയ്ക്ക് മുകളിലുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്; യാത്രക്കാര്‍ക്ക് അധിക ബാധ്യതയില്ലെന്ന് റെയില്‍വേ
വരുന്ന ഒക്ടോബര്‍ 15 മുതല്‍ യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകളില്‍ പുതിയ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചട്ടങ്ങള്‍ നിലവില്‍ വരികയാണ്. സാധാരണ വ്യാപാരികള്‍ക്ക് 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ നിരക്ക് ഈടാക്കുമ്പോഴും, ഇന്ത്യന്‍ റെയില്‍വേയിലെ ടിക്കറ്റ് ബുക്കിങ്ങിനെ ഇതില്‍ നിന്നും പ്രത്യേകമായി മാറ്റിയിട്ടുണ്ട്.
ടെലികോം, ഇന്ധനം തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം റെയില്‍വേ ടിക്കറ്റിനും ഇളവ് അനുവദിച്ചതോടെ, 2,000 രൂപയ്ക്ക് മുകളിലുള്ള ബുക്കിങ്ങുകള്‍ക്ക് ശതമാനക്കണക്കിന് പകരം ഇടപാടൊന്നിന് 5 രൂപ എന്ന നിശ്ചിത നിര മാത്രമാണ് എംഡിആര്‍ ആയി ബാധകമാക്കിയിരിക്കുന്നത്.
എന്നാല്‍ ഈ അഞ്ച് രൂപയുടെ അധിക ബാധ്യത യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് റെയില്‍വേ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
പേയ്മെന്റ് പ്രോസസ്സിങ് ഫീസായ ഈ എംഡിആര്‍ തുക റെയില്‍വേയോ ഐ.ആര്‍.സി.ടി.സിയോ പോലുള്ള മര്‍ച്ചന്റുകളാണ് നല്‍കേണ്ടത്. ഉപഭോക്താക്കളില്‍ നിന്ന് ഒരു കാരണവശാലും ഈ തുക ഈടാക്കരുതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഉദാഹരണത്തിന് 3,000 രൂപയുടെ ടിക്കറ്റ് യുപിഐ വഴി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ ആ തുക മാത്രം നല്‍കിയാല്‍ മതിയാകും, അഞ്ച് രൂപ അധികമായി നല്‍കേണ്ടതില്ല.
അതേസമയം, 2,000 രൂപ വരെയുള്ള ചെറിയ യുപിഐ ഇടപാടുകള്‍ക്ക് മുന്‍പത്തെപ്പോലെ തന്നെ യാതൊരുവിധ എംഡിആര്‍ നിരക്കുകളും ഈടാക്കില്ല. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളും പൂര്‍ണ്ണമായും സൗജന്യമായി തുടരും.
പുതിയ എംഡിആര്‍ ചട്ടങ്ങള്‍ നടപ്പിലാകുന്നതോടെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ യാതൊരുവിധ വര്‍ദ്ധനവും ഉണ്ടാകില്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.