'ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്'; ഇടപെട്ട് സുപ്രിംകോടതി

 
 supreme court

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തെ നേരിടാന്‍ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതിനെതിരെയും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതിനെതിരെയും സുപ്രികോടതി.


 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുതെന്നും മെട്രോ സ്റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. പ്രതിഷേധത്തെ നേരിടാന്‍ മെട്രോ അടച്ചുപൂട്ടുന്നതില്‍ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചു. മെട്രോ അടയ്ക്കുന്നത് ആയിരക്കണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. 


നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. അതിനര്‍ഥം, എല്ലാം സ്തംഭിപ്പിക്കാനും ആളുകളെ യാതൊരു ഗതാഗത സൗകര്യവുമില്ലാത്ത അവസ്ഥയിലാക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട് എന്നല്ല -കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കരുതെന്നും നിയന്ത്രിതമായ രീതിയില്‍ സേവനങ്ങള്‍ അനുവദിക്കണമെന്നും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.


മെട്രോ സ്റ്റേഷനുകള്‍ അടക്കുന്നതിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചിടാനുള്ള ഉത്തരവ് റദ്ദാക്കി സര്‍വീസുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കണമെന്നും ബേബി ആവശ്യപ്പെട്ടു. ഡല്‍ഹിയിലേക്ക് വരുന്നവരെ വഴിയില്‍ തടയുകയോ അന്യായമായി തടങ്കലില്‍ വെക്കുകയോ ചെയ്യുന്നത് തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.


മെട്രോ സ്റ്റേഷന്‍ അടച്ചിടുന്നതില്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തും. കൃത്യമായ ഇടവേളകളില്‍ പുനഃപരിശോധിക്കാന്‍ സാധിക്കും. നേരത്തെ ഒരു ദിവസത്തേക്ക് പ്രതിഷേധത്തിന് നല്‍കിയ അനുമതി പ്രതിഷേധക്കാര്‍ മറികടന്നതായി കേന്ദ്രം പറഞ്ഞു. 17 ദിവസത്തില്‍ കൂടുതല്‍ പ്രതിഷേധം നീണ്ടുനിന്നു. പല ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായെന്നും കേന്ദ്രം വാദിച്ചു.

ഇന്റര്‍നെറ്റ് നിയന്ത്രണം ഉണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. റെയ്സീന മേഖല ഉള്‍പ്പെടെ നാല് കിലോമീറ്റര്‍ ചുറ്റുള്ളവില്‍ മാത്രമാകും നിയന്ത്രണം. ഒരു പൗരന്റെയും ജീവനോ സുരക്ഷയോ അപകടത്തിലാക്കില്ലെന്നും കേന്ദ്രം അറിയിച്ചു.


അതിനിടെ, ഡല്‍ഹി വിമാനത്താവളത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണം. എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ 48 മണിക്കൂര്‍ മുന്‍കൂട്ടി നല്‍കണമെന്ന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കുകയും ചെയ്തു.


നാളെ സിജെപി നടത്തുന്ന ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധം തടയാന്‍ സര്‍വസന്നാഹങ്ങളാണ് ഡല്‍ഹിയില്‍. പ്രതിഷേധത്തിന് പ്രവര്‍ത്തകരെത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ധീന്‍ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളാണ് നാളെ പുലര്‍ച്ചെ നാല് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ റദ്ദാക്കിയത്. ഇവിടെ നിന്ന് പുറപ്പെടുന്നവയും ഈ സയമങ്ങളില്‍ റദ്ദാക്കി. ബംഗാളില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലേക്കുള്ള രണ്ട് രാജധാനി എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
 

Tags

Share this story

From Around the Web