ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക; കേരളത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം:തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. സര്‍വീസുകളില്‍ വരുത്തിയ മാറ്റങ്ങള്‍ കാരണം പല ട്രെയിനുകളും ഭാഗികമായി റദ്ദാക്കുകയും ചിലത് മണിക്കൂറുകളോളം വൈകിയോടുകയും ചെയ്യും. റൂട്ടുകളില്‍ ട്രാക്ക് നവീകരണവും മെയിന്റനന്‍സ് ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) ഒക്ടോബര്‍ 03, 16, 17, 18, 23, 24, 25, 27, 30, 31, നവംബര്‍ 01 തീയതികളില്‍ തൃശ്ശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. കൂടാതെ മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348) മേല്‍പ്പറഞ്ഞ തീയതികളില്‍ ഒരു മണിക്കൂറോളം വൈകിയായിരിക്കും ഓടുക. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) നവംബര്‍ നാലിനും, തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22633) ഒക്ടോബര്‍ 21-നും അരമണിക്കൂര്‍ വീതം വൈകുമെന്നും റെയില്‍വേ വ്യക്തമാക്കി.
സേലം ഡിവിഷനിലെ അറ്റകുറ്റപ്പണികള്‍ കാരണം മറ്റ് ചില ട്രെയിനുകള്‍ക്കും ഭാഗിക റദ്ദാക്കല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ടൗണ്‍ തിരുച്ചിറപ്പള്ളി ജങ്ഷന്‍ എക്‌സ്പ്രസ് (16844) ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ നിശ്ചിത തീയതികളില്‍ കൊടുമുടിയില്‍ യാത്ര അവസാനിപ്പിക്കും; തുടര്‍ന്ന് കൊടുമുടിയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടായിരിക്കും. കൂടാതെ ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604) ഒക്ടോബറിലെ ചില ദിവസങ്ങളില്‍ പോത്തനൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.