ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക; കേരളത്തില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി!

 


ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള പ്രധാന ട്രെയിനുകള്‍ സെപ്റ്റംബര്‍ 17, 30 തീയതികളില്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് ഡിവിഷനിലെ അറ്റകുറ്റപ്പണികള്‍ കാരണമാണ് ഈ നിയന്ത്രണങ്ങള്‍.

ഭാഗികമായി റദ്ദാക്കിയ പ്രധാന ട്രെയിനുകള്‍

ജനശതാബ്ദി എക്സ്പ്രസ് (12082): സെപ്റ്റംബര്‍ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയിലും, സെപ്റ്റംബര്‍ 30-ന് കോഴിക്കോടിനും കണ്ണൂരിനും ഇടയിലും സര്‍വീസ് ഉണ്ടാകില്ല.

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് (16307): സെപ്റ്റംബര്‍ 17-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലും, സെപ്റ്റംബര്‍ 30-ന് എലത്തൂരിനും കണ്ണൂരിനും ഇടയിലും ഭാഗികമായി റദ്ദാക്കി.

കോയമ്പത്തൂര്‍-കണ്ണൂര്‍ എക്സ്പ്രസ് (16608): സെപ്റ്റംബര്‍ 30-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സര്‍വീസ് ഉണ്ടായിരിക്കില്ല.


വൈകി ഓടുന്ന ട്രെയിനുകള്‍

മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ് (16630) സെപ്റ്റംബര്‍ 17-ന് ഒരുമണിക്കൂറും, തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് (12431) അന്ന് 40 മിനിറ്റും വൈകിയായിരിക്കും സര്‍വീസ് നടത്തുക. യാത്രക്കാര്‍ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

Tags

Share this story

From Around the Web