ട്രെയിന്‍ വൈകിയെത്തിയത് 8 മണിക്കൂര്‍ 48 മിനിറ്റ്; യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയോട് കോടതി

 
Train

റാഞ്ചി: ട്രെയിന്‍ ഒന്‍പത് മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷന്‍. ട്രെയിന്‍ മണിക്കൂറോളം വൈകിയത് യാത്രികന് ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഝാര്‍ഖണ്ഡിലെ സാറൈകെല്ല ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി.

ദക്ഷിണ പൂര്‍വ്വ റെയില്‍വേ പരാതിക്കാരന് നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവുകള്‍ക്കായി 5,000 രൂപയും നല്‍കാനാണ് ഉത്തരവെന്ന് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു സെപ്റ്റംബര്‍ 2-ന് കമ്മീഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ സിങ് അംഗങ്ങളായ പ്രദീപ് കുമാര്‍ മിശ്ര, സഞ്ജു ഷാഹി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

2024 സെപ്റ്റംബറില്‍ ടാറ്റാനഗറില്‍ നിന്ന് സാംബല്‍പൂരിലേക്കുള്ള യാത്രക്കായി പരാതിക്കാരന്‍ ഇസ്പാറ്റ് എക്‌സ്പ്രസില്‍ രണ്ട് സ്ലീപ്പര്‍-ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. രാവിലെ 10.18 ന് ടാറ്റാനഗറില്‍ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 3:50 ന് സാംബല്‍പൂരില്‍ എത്തേണ്ടതായിരുന്നു ട്രെയിന്‍.

എന്നാല്‍ മണിക്കൂര്‍ 48 മിനിറ്റ് വൈകിയാണ് ട്രെയിന്‍ സാംബല്‍പൂരില്‍ എത്തിയത്. ട്രെയിന്‍ വൈകിയത് മൂലം ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി യാത്രക്കാരന്‍ അവകാശപ്പെട്ടു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായ നോട്ടീസ് നല്‍കി. 4.5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു.

 എതിര്‍ത്ത റെയില്‍വേ, ട്രെയിന്‍ വൈകിയതിനാല്‍ എന്തെങ്കിലും നഷ്ടമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ യാത്രക്കാരന്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്ന് വാദിച്ചു. കൂടാതെ ഇത്തരം തര്‍ക്കങ്ങള്‍ ഉപഭോക്തൃ കമ്മീഷന് മുന്നിലല്ല, മറിച്ച് 1987-ലെ 'റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണല്‍ ആക്ട്' പ്രകാരമാണ് പരിഗണിക്കേണ്ടതെന്നും റെയില്‍വേ അവകാശപ്പെട്ടു.

എന്നാല്‍ ഉപഭോക്തൃ കമ്മീഷന്‍ റെയില്‍വേയുടെ ഈ വാദങ്ങള്‍ പൂര്‍ണമായും തള്ളി. ഇത്തരം പരാതികള്‍ പരിഗണിക്കാന്‍ ഉപഭോക്തൃ ഫോറങ്ങള്‍ക്ക് അധികാരമുണ്ടെന്ന സുപ്രിംകോടതി വിധി ചൂണ്ടിക്കാണിച്ച കമ്മീഷന്‍, റെയില്‍വേയുടെ ഭാഗത്തുനിന്ന് സേവന വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് നേരിട്ട് പരിശോധിക്കുകയായിരുന്നു.

പരാതിക്കാരന്‍ വ്യക്തവും വിശ്വസനീയവുമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള സാഹചര്യങ്ങള്‍ കാരണമാണ് ട്രെയിന്‍ വൈകിയതെന്ന് തെളിയിക്കാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞില്ലെന്നും കമ്മീഷന്‍ വിലയിരുത്തി. ദീര്‍ഘനേരത്തെ വൈകല്‍ യാത്രികന് ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും ഇത് സേവനത്തിലെ കടുത്ത വീഴ്ചയാണെന്നും കമ്മീഷന്‍ നിഗമനത്തിലെത്തി.


'ട്രെയിന്‍ വൈകിയത് കാരണം പരാതിക്കാരന് ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു,' എന്ന് വ്യക്തമാക്കിയ കമ്മീഷന്‍, പരാതിക്കാരന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വിധിക്കുകയായിരുന്നു.നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവുകള്‍ക്കായി 5,000 രൂപയും ഉള്‍പ്പെടെ ആകെ 35,000 രൂപ നല്‍കാനാണ് റെയില്‍വേയോട് ഉത്തരവിട്ടത്.

ഉത്തരവ് വന്ന് 45 ദിവസത്തിനകം ഈ തുക നല്‍കണം. നിശ്ചിത സമയത്തിനുള്ളില്‍ തുക നല്‍കാതിരുന്നാല്‍, ഉത്തരവ് വന്ന തിയതി മുതല്‍ തുക പൂര്‍ണമായി അടച്ചുതീര്‍ക്കുന്നത് വരെ പ്രതിവര്‍ഷം 12% പലിശ നല്‍കേണ്ടിവരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web