സുഹൃത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങുംവഴി ദുരന്തം, ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് മരണം

 
2333

കോതമംഗലം: വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് ബൈക്കിൽ മടങ്ങുകയായിരുന്ന വ്യക്തി ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി ആൽപ്പാറ വഴേപ്പറമ്പിൽ മോൻസി ജോർജ് (48) ആണ് ദാരുണമായി മരിച്ചത്.

തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ചെക്ക് പോസ്റ്റിൽ ബുധനാഴ്ച രാത്രി 11.40-ഓടെയായിരുന്നു അപകടം. സുഹൃത്തിന്റെ വിയോഗത്തിൽ മനംനൊന്ത് മടങ്ങുന്നതിനിടെ, തട്ടേക്കാട് ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് മോൻസി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ചേലച്ചുവടിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു പരേതരായ ജോർജ് - ലീലാമ്മ ദമ്പതികളുടെ മകനായ മോൻസി. സഹോദരങ്ങൾ: ഗ്രേസി, ബിൻസി. സംസ്കാര ചടങ്ങുകൾ പിന്നീട് നടന്നു.

Tags

Share this story

From Around the Web