സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് പ്രായശ്ചിത്തവുമായി പരമ്പരാഗത ലത്തീന്‍ കുര്‍ബാന
സാന്‍ ഫ്രാന്‍സിസ്‌കോ: നിരവധി ഭ്രൂണഹത്യകള്‍ അരങ്ങേറുന്ന സാന്‍ ഫ്രാന്‍സിസ്‌കോയിലെ പ്രാദേശിക പ്ലാന്‍ഡ് പാരന്റ്ഹുഡ് സെന്ററിന് പുറത്ത് പ്രായശ്ചിത്തവുമായി പരമ്പരാഗത ലത്തീന്‍ കുര്‍ബാന അര്‍പ്പിച്ച് അര്‍ജന്റീനിയന്‍ വൈദികന്‍.
ഔര്‍ ലേഡി സ്റ്റാര്‍ ഓഫ് ദി സീ ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. ജാവിയര്‍ ഒലിവേര റവാസിയാണ് ഫെബ്രുവരി 15നു ഭ്രൂണഹത്യയ്‌ക്കെതിരെ പ്രായശ്ചിത്തവുമായി പരിഹാര കുര്‍ബാന അര്‍പ്പിച്ചത്. അന്‍പതോളം വിശ്വാസികള്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തു.
കത്തോലിക്കര്‍ പൊതുജീവിതത്തില്‍ അവരുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കണമെന്നും അത്തരത്തില്‍ പ്രതിഫലിപ്പിക്കുന്നതാണ് തുറസ്സായ സ്ഥലത്തെ ബലിയര്‍പ്പണമെന്നും ഫാ. ജാവിയര്‍ ഇഡബ്ല്യുടിഎന്‍ ന്യൂസിനോട് പറഞ്ഞു.
പ്ലാന്‍ഡ് പാരന്റ്ഹുഡ് ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് പരമ്പരാഗത ലാറ്റിന്‍ കുര്‍ബാന അര്‍പ്പിക്കുന്നത് ഗര്‍ഭഛിദ്രത്തിനെതിരായുള്ള പൊതുജനങ്ങളുടെ ക്രിസ്തീയ സാക്ഷ്യത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഒരു പ്രവൃത്തിയായി ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാപപരിഹാരമായി വിശുദ്ധ കുര്‍ബാനയെ വിശേഷിപ്പിച്ച അദ്ദേഹം, പൊതുജീവിതത്തിലുള്ള വിശ്വാസം മറച്ചുവെക്കരുതെന്ന് കത്തോലിക്കരെയും സഹ വൈദികരെയും പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
ഗര്‍ഭഛിദ്രത്തിനെതിരായ ഒരു ആത്മീയ പ്രതികരണമായും വിശ്വാസികള്‍ക്കു തങ്ങളുടെ ബോധ്യങ്ങള്‍ ഭയമില്ലാതെ പ്രഖ്യാപിക്കാനുള്ള ആഹ്വാനമായും അദ്ദേഹം ബലിയര്‍പ്പണത്തെ ചൂണ്ടിക്കാട്ടി.
സാന്‍ ഫ്രാന്‍സിസ്‌കോ അതിരൂപത ആര്‍ച്ച് ബിഷപ്പ് സാല്‍വറ്റോര്‍ കോര്‍ഡിലിയോണില്‍ നിന്ന് തനിക്ക് പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും നഗരത്തെ ഒരു യഥാര്‍ത്ഥ മിഷന്‍ പ്രദേശമായിട്ടാണ് കാണുന്നതെന്നും വൈദികന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന ഫാ. റവാസി, വിസ്‌കോണ്‍സിനിലെ ലാക്രോസിലുള്ള ഇടവക ദേവാലയത്തിന് പുറമെ ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ് ദേവാലയത്തിലും സേവനമനുഷ്ഠിക്കുന്നുണ്ട്.