വന്‍ ലാഭം ഓഫര്‍ ചെയ്ത് ട്രേഡിങ് തട്ടിപ്പ്; അക്കൗണ്ടന്റിന് നഷ്ടമായത് 4 കോടി രൂപ, കെണിവിരിച്ചത് 'ഹലോ ട്രേഡ്‌സ്'

 
phone



രാജ്കോട്ട: ഓഹരി വിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 32-കാരനായ അക്കൗണ്ടന്റില്‍ നിന്ന് 4.12 കോടി രൂപ തട്ടിയെടുത്തു. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ മിതേഷ് എന്ന അക്കൗണ്ടന്റാണ് 'ഹലോ ട്രേഡ്സ്' എന്ന വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോമിലൂടെ തട്ടിപ്പിനിരയായത്. സംഭവത്തില്‍ രാജ്കോട്ട് ഇക്കണോമിക് ഒഫന്‍സ് വിങ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2021ല്‍ സോഷ്യല്‍ മീഡിയ വഴിയാണ് മിതേഷ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ നരേഷ് സേവക്രാമനിയെ പരിചയപ്പെടുന്നത്. തുടക്കത്തില്‍ കമ്മീഷന്‍ വാങ്ങാതെ ഓഹരി വിപണിയിലെ നിക്ഷേപങ്ങളെക്കുറിച്ച് പഠിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് നരേഷ്,  മിതേഷിന് വിവിധ ട്രേഡിങ് ലിങ്കുകള്‍ അയച്ചുകൊടുത്തു. ഇതിലൂടെ വലുതും ചെറുതമായ തുകകള്‍ മിതേഷ് നിക്ഷേപിച്ചിരുന്നു.


2024ലാണ് കൂടുതല്‍ തുക നിക്ഷേപിക്കാനായി മിതേഷ് തീരുമാനിച്ചത്. നരേഷുമായി ഈ വിവരം പങ്കുവെച്ചതിന് പിന്നാലെ നരേഷ് 'ഹലോ ട്രേഡ്സ്' എന്ന വെബ്‌സൈറ്റ് ലിങ്ക് നല്‍കുകയും അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിയാണ് മിതേഷ് പണം പിക്ഷേപിച്ചിരുന്നത്.


ഹലോ ട്രേഡ്, സിദ്ധി വിനായക് എന്റര്‍പ്രൈസ്, പാസിഫൈ ഇന്‍ഫ്രാ, വിസ്ബോഡ് സോഫ്‌റ്റ്വെയര്‍ തുടങ്ങിയ വിവിധ കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കും ക്യു.ആര്‍ കോഡുകളിലേക്കും നരേഷ് പണം അയപ്പിച്ചു. പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വാട്സ്ആപ്പില്‍ നല്‍കിയതോടെ തുല്യമായ തുക പ്ലാറ്റ്‌ഫോമിലെ അക്കൗണ്ട് ബാലന്‍സായി കാണിച്ചുപോന്നു.

2024 മുതല്‍ 2026 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 6,35,47,843 രൂപ മിതേഷ് നിക്ഷേപിച്ചു. ഇതില്‍ 4,23,15,169 രൂപ മുന്‍പ് ഘട്ടംഘട്ടമായി തിരികെ ലഭിച്ചിരുന്നു. 2026 ഫെബ്രുവരിയില്‍ പ്ലാറ്റ്‌ഫോമില്‍ 2 കോടി രൂപ ലാഭവും ബാക്കി 2 കോടി രൂപ നിക്ഷേപത്തുകയും കാണിച്ചതിനെ തുടര്‍ന്ന് തുക ബാങ്ക് അക്കൗണ്ടിലേക്ക് പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. 

പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ സാങ്കേതിക തടസ്സം കാണിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ ശരിയാക്കിത്തരാമെന്ന് നരേഷ് പറഞ്ഞെങ്കിലും പിന്നീട് ഫോണ്‍ കോളുകളോട് പ്രതികരിക്കാതായി. മുതലും ലാഭവും ഉള്‍പ്പെടെ ആകെ 4,12,33,655 രൂപയാണ് മിതേഷിന് നഷ്ടപ്പെട്ടത്.

മിതേഷിന്റെ പരാതിയില്‍ നരേഷ് സേവക്രാമനിക്കും ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കുമെതിരെ രാജ്കോട്ട് ഇ.ഒ.ഡബ്ല്യു കേസ് രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്

Tags

Share this story

From Around the Web