വിഷപ്പുകയില്‍ ശ്വാസം മുട്ടി ഡല്‍ഹി; രക്ഷ തേടി ജനം, എയര്‍ പ്യൂരിഫയര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് കുതിപ്പ്, ദീപാവലിക്ക് ശേഷമാണ് വിപണിയില്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്

 
delhi


ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വായു മലിനീകരണം അതീവ ഗുരുതരമായതോടെ രാജ്യത്ത് എയര്‍ പ്യൂരിഫയറുകളുടെ വില്‍പ്പന റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ദീപാവലിക്ക് ശേഷമാണ് വിപണിയില്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ മലിനീകരണം രൂക്ഷമാകുന്ന സീസണുകളില്‍ മാത്രം വാങ്ങിയിരുന്ന ഈ ഉപകരണം ഇന്ന് വീടുകളിലെ നിത്യോപയോഗ വസ്തുവായി മാറിക്കഴിഞ്ഞു. ഡല്‍ഹിക്ക് പുറമെ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എയര്‍ പ്യൂരിഫയറുകള്‍ക്ക് വലിയ ഡിമാന്‍ഡാണ് ലഭിക്കുന്നതെന്ന് വ്യാപാരികളും നിര്‍മ്മാതാക്കളും വ്യക്തമാക്കുന്നു.

ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലയായ ക്രോമയില്‍ 2026-ല്‍ എയര്‍ പ്യൂരിഫയറുകളുടെ വില്‍പ്പന ഇരട്ടിയിലധികമായപ്പോള്‍, ഷവോമിയുടെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ നാലിരട്ടി വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ വില്‍പ്പന ഇരട്ടിയായതായി ആമസോണ്‍ ഇന്ത്യയും അറിയിച്ചു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യം പരിഗണിച്ച് 120-ലധികം നഗരങ്ങളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉപകരണം എത്തിക്കാനുള്ള സൗകര്യവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. പ്രീമിയം ബ്രാന്‍ഡായ ഡൈസന്റെ വെബ്‌സൈറ്റിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒക്ടോബറില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായതും വിപണിയിലെ വന്‍ ഡിമാന്‍ഡിന് തെളിവാണ്.


വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിച്ചതും, മലിനീകരണം രൂക്ഷമാകുന്നതിന് മുന്‍പ് തന്നെ മുന്‍കരുതലെന്ന നിലയില്‍ ഉപകരണങ്ങള്‍ വാങ്ങുന്ന പ്രവണതയുമാണ് ഈ മാറ്റത്തിന് പിന്നിലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'ദ നോളജ് കമ്പനിയുടെ' റിപ്പോര്‍ട്ട് പ്രകാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ 320 കോടി രൂപയായിരുന്ന ഇന്ത്യന്‍ എയര്‍ പ്യൂരിഫയര്‍ വിപണി 2030 ആകുമ്പോഴേക്കും 1,000 കോടി രൂപയായി വളരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 367 എന്ന 'വളരെ മോശം' വിഭാഗത്തില്‍ തുടരുന്ന സാഹചര്യത്തില്‍, തത്സമയ വായു ഗുണനിലവാരം കാണിക്കുന്ന ഡിസ്പ്ലേയും ആപ്പ് നിയന്ത്രണവുമുള്ള നൂതന മോഡലുകള്‍ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ പ്രിയമുള്ളത്.

Tags

Share this story

From Around the Web